Thursday, July 3, 2008

കേണല്‍ അവറാന്‍കുട്ടി...അഥവാ മറ്റൊരു പിന്‍ഗാമി

നിങ്ങളിലാരെങ്കിലും ശ്രീ.മോഹന്‍ലാല്‍ അഭിനയിച്ച 'പിന്‍ഗാമി' എന്ന സിനിമ കണ്ടിട്ടുണ്ടോ? ഞാന്‍ അദ്ദേഹത്തിന്റെ ഫാന്‍ ഒന്നുമല്ല കേട്ടോ! എന്നിരുന്നാലും ആ സിനിമയിലെ ഒരു രംഗവും ഡയലോഗും ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്നു. സീന്‍: പോലീസ്‌ സ്റ്റേഷന്‍ - ഇന്‍സ്‌പെക്ടറുടെ റോളില്‍ ശ്രീരാമന്‍. പഴയൊരു കൊലപാതകത്തിന്റെ വേരുകള്‍ തേടി നാട്ടിലെത്തിയ മോഹന്‍ലാലിന്റെ "കേണല്‍' കഥാപാത്രം ഇന്‍സ്‌പെക്ടറോട്‌ " ഓഫീസര്‍, ഇപ്പോള്‍ ഞാന്‍ യൂണിഫോമിലായിരുന്നെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റുനിന്ന് എന്നെ സല്യൂട്ട്‌ ചെയ്യുമായിരുന്നു.....തന്റെ മുന്‍പില്‍ നില്‍ക്കുന്ന വ്യക്തി ഒരു മിലിട്ടറി ഓഫീസറാണെന്നു മനസ്സിലാക്കിയ പോലീസ്‌ ഇന്‍സ്‌പെക്ടര്‍ അറിയാതെതന്നെ എഴുന്നേറ്റുപോയി. പിന്നെ നീട്ടി ഒരു സല്യൂട്ട്‌. പിന്നെയും സിനിമയും കഥയും തുടരുന്നു.

സിനിമയും അവറാന്‍കുട്ടിയുമായി എന്തു ബന്ധം? ഒന്നുമില്ല. പക്ഷേ. ഇനി നിങ്ങള്‍ ഈ കഥ കേള്‍ക്കൂ...

2008 ജനുവരി. പ്രവാസജീവിതത്തില്‍നിന്നും താല്‍ക്കാലിക അവധിയില്‍ കോട്ടയത്തെ തന്റെ ഗ്രാമത്തില്‍ എത്തിയിരിക്കുകയാണ്‌ അവറാന്‍കുട്ടി. നാട്ടിലേക്കുള്ള അവറാന്‍കുട്ടിയുടെ വരവുകള്‍ പലപ്പൊഴും സംഭവബഹുലമാകാറുണ്ട്‌. കഴിഞ്ഞ പ്രാവശ്യം ഒരു പോലീസേമാന്റെ ഭാര്യയുടെ കാറുമായി കൂട്ടിയിടിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളും മറ്റും ഞാന്‍ എഴുതിയിരുന്നു. നിങ്ങളില്‍ പലരും അത്‌ വായിച്ചിട്ടുണ്ടാവും എന്നു കരുതുന്നു.

ജനുവരിയിലെ ഒരു കുളിര്‍മ്മയുള്ള പ്രഭാതം.

"എടാ.. അമ്മയുടെ നീട്ടിയുള്ള വിളി കേട്ടാണ്‌ അവറാന്‍ രാവിലെ ഉറക്കമുണര്‍ന്നത്‌.

" ഗ്യാസ്‌ തീര്‍ന്നു" "അതിനെന്താ.. അടുത്ത സിലിണ്ടര്‍ ഉപയോഗിക്കണം"
"എടാ.. അതും തീര്‍ന്നിരിക്കയാ"
"സാരമില്ല. ഗ്യാസ്‌ ഏജന്‍സിയില്‍ ഒന്നു വിളിച്ചുനോക്കാം"
"വെറുതെയാ... അമ്മ പറഞ്ഞു. ഒരു സിലിണ്ടറിന്‌ ബുക്ക്‌ ചെയ്തിട്ട്‌ 2 മാസം കഴിഞ്ഞു. അവര്‍ വല്യ കള്ളന്മാരാ. സിലിണ്ടര്‍ മറിച്ചു വില്‍ക്കും. " അമ്മ പരിദേവനത്തിന്റെ കെട്ടഴിച്ചുതുടങ്ങി.

പിള്ളേച്ചന്റെ വീട്ടില്‍ നിന്ന് തല്‍ക്കാലം ഒരു സിലിണ്ടര്‍ എടുക്കാം. അവറാന്‍കുട്ടി അയലത്തെ വീട്‌ ലക്ഷ്യമാക്കി നടന്നു. ഫലം തദൈവ. രക്ഷയില്ല. ഞങ്ങളുടെ ഗ്യാസ്‌ ഏജന്‍സി വെറും തരികിട.. ബുക്ക്‌ ചെയ്താല്‍ സിലിണ്ടര്‍ സമയത്ത്‌ തരില്ല. തന്നെയുമല്ല.. നോ ഹോം ഡെലിവെറി. ഒന്നരകിലോമീറ്റര്‍ അകലെ ജങ്ക്ഷനില്‍ വരെ മാത്രം ഗ്യാസ്‌ വണ്ടി വരും. നേരത്തെ ബുക്ക്‌ ചെയ്തവര്‍ വണ്ടി വരുന്നതും കാത്ത്‌ മണിക്കൂറുകള്‍ നില്‍ക്കണം. പിന്നെ ഓട്ടോയിലോ, ബൈക്കിലോ ഒക്കെയായി സ്വന്തം വീട്ടിലെത്തിക്കണം. 5 കിലോമീറ്റര്‍ പരിധിയില്‍ സൗജന്യമായി എത്തിച്ച്‌ സുരക്ഷിതമായി, ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തേണ്ട, നിയമപരമായി ചുമതലയുള്ള ഏജന്‍സികളാണ്‌ ഈ വങ്കത്തരങ്ങള്‍ കാട്ടി ജനത്തെ കബളിപ്പിക്കുന്നത്‌.

ഈ അക്രമത്തിനൊരു അവസാനം വേണ്ടേ... ഐഡിയ!!

അവറാന്‍കുട്ടി പെട്ടെന്നു തയ്യാറായി. ജീന്‍സും പച്ച ടീ ഷര്‍ട്ടും (മിലിട്ടറി ഗ്രീന്‍). തലേദിവസം മുടി പറ്റെ വെട്ടിച്ചത്‌ നന്നായി...ഇളയ അളിയനെയും കൂട്ടി.. ചുമ്മാ ഒരു ധൈര്യത്തിന്‌. ആളിയന്റെ ബുള്ളറ്റില്‍ വെറും 3 കിലോമീറ്റര്‍ അകലെയുള്ള ഗ്യാസ്‌ ഏജന്‍സിയിലെക്ക്‌...

"എന്താ..." ഏജന്‍സിയില്‍ ഒരുവന്റെ തലയൊന്നുയര്‍ത്തുകപോലും ചെയ്യാതെയുള്ള വെറുതെ ഒരു ചോദ്യം.

"ഗ്യാസ്‌ തീര്‍ന്നു...."

"... മാഡം അകത്തുണ്ട്‌. അവിടെ പറഞ്ഞാല്‍ മതി"

അവറാന്‍കുട്ടിയും അളിയന്‍കുട്ടിയും അകത്തേക്കു കയറി..

"ങും..." അവജ്‌ഞ്ഞ നിറഞ്ഞ ഒരു മൂളല്‍ മാഡത്തിന്റേതായി പുറത്തു വന്നു.

മാഡം പറഞ്ഞില്ലെങ്കിലും എതിര്‍വശത്തുകണ്ട കസേരയില്‍ അവറാന്‍ ഇരുന്നു.

".. ഗുഡ്‌ മോര്‍ണിംഗ്‌....." മറുപടിയില്ല...

സൗമ്യതയോടെ... ഗ്യാസ്‌ പ്രശ്നം മാഡത്തിനുമുന്‍പില്‍ അവറാന്‍കുട്ടി അവതരിപ്പിച്ചു.

"വീട്ടിലൊന്നും എത്തിച്ചുതരാന്‍ സാധ്യമല്ല...ബുക്ക്‌ ചെയ്താല്‍ എപ്പൊള്‍ തരാമെന്നൊന്നും ഉറപ്പുതരാനും പറ്റില്ല.... അവരുടെ പ്രസംഗം നീണ്ടു... ഇതെന്താ വെള്ളരിക്കാ പട്ടണമോ. വാദി പ്രതിയാകുമോ? അവറാന്‍കുട്ടി മനസ്സില്‍ തോന്നിയ അരിശം പുറത്തുകാട്ടാതെ ഇരുന്നു.

വര്‍ഷങ്ങളായി പാവം ജനത്തെ പിഴിഞ്ഞ്‌ സമ്പാദിച്ചുകൂട്ടിയ പണത്തിന്റെ ഹുങ്ക്‌... അഹങ്കാരി.. അവറാന്‍ മനസ്സില്‍ പറഞ്ഞു.

"നിങ്ങള്‍ പോകൂ.." അവര്‍ ഇഷ്ടപ്പെടാത്ത മട്ടില്‍ പറഞ്ഞു.

ഈ സ്ത്രീയെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല. മര്യാദ എന്തെന്ന് പഠിപ്പിക്കണം

.... പിന്‍ഗാമി ശരണം..... ശാന്തതയോടെ തലയുയര്‍ത്തി അവറാന്‍ ഇങ്ങനെ മൊഴിഞ്ഞു..

"ഹേയ്‌....ഞാന്‍ ആരാണെന്നു മനസ്സിലായിരുന്നുവെങ്കില്‍ നിങ്ങള്‍ എന്നൊടിങ്ങനെ പെരുമാറില്ലായിരുന്നു"പെട്ടെന്ന് ആ സ്ത്രീ തലയുയര്‍ത്തി അവറാന്‍കുട്ടിയെ നോക്കി. അജാനുബാഹുവായ, ഒറ്റ നോട്ടത്തില്‍ ഒരു പട്ടാളക്കാരനെന്നു തോന്നുന്ന ഒരു വ്യക്തി.... അവര്‍ അറിയാതെ തന്നെ സീറ്റില്‍ നിന്നെഴുന്നേറ്റു...

"സര്‍.... ആരാണ്‌"

..നാടിന്റെ എല്ലാ ധീരജവാന്മാരോടും മനസ്സില്‍ മാപ്പുചോദിച്ചുകൊണ്ട്‌ അവറാന്‍ പറഞ്ഞു... ഇന്‍ഡ്യന്‍ ആര്‍മ്മിയില്‍ കേണലാണ്‌ ഞാന്‍. ഇപ്പോള്‍ കാഷ്മീരിലാണ്‌ പോസ്റ്റിംഗ്‌. ഞാന്‍ ആവശ്യപെട്ടാല്‍ വേണ്ടിവന്നല്‍ കളക്ടര്‍ ശ്രീമതി ഷര്‍മ്മിള മേരി നേരിട്ട്‌ നിങ്ങളോട്‌ സംസാരിക്കും. എന്താ..

"സോറി സാര്‍.. അതൊന്നും വേണ്ട... ഗ്യാസ്‌ വീട്ടിലെത്തിക്കാന്‍ ഞാന്‍ ഏര്‍പ്പാടു ചെയ്യാം. ഇതൊരു ഇഷ്യൂ ആക്കരുത്‌ പ്ലീസ്‌....

"ചന്ദ്രാ..... അവര്‍ വിളിച്ചു..

..ചന്ദ്രന്‍ വന്നു...

... ഈ സാറിന്റെ വീട്ടില്‍ ഇപ്പോള്‍ തന്നെ ഗ്യാസ്‌ എത്തിക്കണം.
ശരി... ചന്ദ്രന്‍ ഭവ്യതയോടെ അവറാന്‍കുട്ടിയെ നോക്കി.

ഇനി സാര്‍ ബുക്ക്‌ ചെയ്യുകയൊന്നും വേണ്ട.. ഗ്യാസിനാവശ്യമുള്ളപ്പോള്‍ ഒന്നു വിളിച്ചാല്‍ മതി. കേണലിന്റെ വീട്ടില്‍നിന്നാണെന്നു പറഞ്ഞാല്‍ മാത്രം മതി. ചന്ദ്രന്‍ ഗ്യാസ്‌ എത്തിച്ചുകൊള്ളും.

"ഒ.കെ. താങ്ക്യൂ വെരി മച്ച്‌..." നന്ദി പറഞ്ഞുകൊണ്ട്‌ അവറാന്‍ ഇറങ്ങി.

വിജയീഭാവത്തോടെ തിരികെ ബൈക്കില്‍ കയറുമ്പോള്‍ അളിയന്‍ പറഞ്ഞു.

"അച്ചായനെ സമ്മതിച്ചുതന്നിരിക്കുന്നു. ഇതൊപോലൊരു നമ്പര്‍ ഞങ്ങളുടെ ഏജന്‍സിയിലുമൊന്ന് പ്രയോഗിക്കാമോ?

"മിണ്ടാതിരിക്ക്‌.. ആദ്യം ഇതൊന്ന് തീരട്ടെ.. അടുത്തത്‌ പിന്നെ.

ഒരു മണിക്കൂറിനുള്ളില്‍ സിലിണ്ടര്‍ രണ്ടെണ്ണം അവറാന്‍കുട്ടിയുടെ വീട്ടില്‍ എത്തി. ചന്ദ്രന്‍ ഭവ്യതയോടെ പുഞ്ചിരിച്ചു നിന്നു.

നാട്ടിലെ സകല ഗ്യാസ്‌ ഏജന്‍സികളും ഇങ്ങനെ ജനത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു..അഹങ്കാരികളായ മുതലാളിമാര്‍ പിന്നെയും പിന്നെയും കീശ വീര്‍പ്പിക്കുന്നു. പാവം ജനം പ്രതികരിക്കാനാവാതെ.. ഇതെല്ലാം സഹിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഗ്യാസ്‌ ഏജന്‍സിമുതലാളിമാര്‍ തുലയട്ടെ... അഹങ്കാരികളായ സ്ത്രീകള്‍ മൂര്‍ദ്ദാബാദ്‌.

...ഇനി നിങ്ങള്‍ പറയൂ. അവറാന്‍കുട്ടി ചെയ്തതു ശരിയോ?

വാല്‍കഷണം: ഇപ്പോള്‍ അവറാന്‍കുട്ടിയുടെ വീട്ടിലും അയല്‍പക്കത്തുള്ള വീടുകളിലും ഗ്യാസ്‌ ക്ഷാമമില്ലാ. എല്ലാവരും കേണലിന്റെ അടുത്തുള്ള വീട്‌ എന്നു പരിചയപ്പെടുത്തിയാണത്രേ ഗ്യാസ്‌ ബുക്ക്‌ ചെയ്യുന്നത്‌. പാവം ചന്ദ്രന്‍.. പാവം മാഡം.. അല്ലാതെന്തുപറയാന്‍.

2 comments:

ജെസില്‍ said...

കേണലിനു എന്റെ വക ഒരു ഗ്രൈനേഡ്.., ചുമ്മാ ഇരിക്കട്ടെന്നേ.. ഇനിയും ഏതെങ്കിലും ഗ്യാസ് ഏജൻസിയിൽ പൊട്ടിക്കാമല്ലോ. എന്തായലും ഗ്യാസ് ഏജൻസിക്കു ഒരു പണി കൊടുത്തത് എനിക്കിഷ്ടപെട്ടു.

OAB/ഒഎബി said...

ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ മുയല്‍നെ കിട്ടിക്കാണും. എന്ന് വച്ച്..... ഇത്ര ബുദ്ധിയില്ലാത്തവരാണൊ നിങ്ങളുടെ ഗ്യാസ് ഏജന്‍സി?