Sunday, April 11, 2010

തച്ചങ്കരിയും അവറാന്‍കുട്ടിയും പിന്നെ ഒരു വിദേശയാത്രയും

ഇന്നത്തെ വിവാദ വാര്‍ത്ത! സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഐ ജി ടോമിന്‍ തച്ചങ്കരി വിദേശ യാത്ര നടത്തിയിരിക്കുന്നു. ഇല്ലാത്ത റസിഡെന്‍സ്‌ അസോസിയേഷനുകളുടെയും, സങ്കല്‍പത്തില്‍ മാത്രം നിലനില്‍ക്കുന്ന കലാസാംസ്കാരിക സംഘടനകളുടെയും പരിപാടികളില്‍ പങ്കെടുക്കാന്‍ ഗള്‍ഫിലേക്കു പതിവായി പറക്കുന്ന മന്ത്രിമാര്‍, രാഷ്ടീയ നേതാക്കള്‍, പഞ്ചായത്തു പ്രസിഡണ്ടുമാര്‍, വാര്‍ഡു മെമ്പര്‍മാര്‍, ഇവര്‍ക്കൊന്നും ആരുടെയും അനുമതി വേണ്ട! അവര്‍ക്കൊക്കെ പാറിപറക്കാം, പറന്നുല്ലസിക്കാം, പിരിയ്ക്കാം, പക്ഷേ ഒരു പാവം സര്‍ക്കാര്‍ ജീവനക്കാരന്‍ വിദേശത്തു പോകണമെങ്കില്‍ 'അനുമതി' വേണം.

ഇതെന്തൊരു അന്യായം.

ഇനി അവറാന്‍കുട്ടി കാര്യത്തിലേക്കു കടക്കാം.അവറാന്‍കുട്ടി ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്‌. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കര്‍ക്കു അനുവദിച്ചിരിക്കുന്ന വിദേശ ജോലിക്കുള്ള നീണ്ട അവധി എന്ന സൗകര്യം ഉപയോഗപ്പെടുത്തി, കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി ഈ മണലാരണ്യത്തിലെ ഒരു എണ്ണക്കമ്പനിയില്‍ ഏതൊരു സാധാരണ ഗള്‍ഫുകാരനെയും പോലെ കഠിനമായി അധ്വാനിച്ചു ജീവിതം കഴിച്ചു കൂട്ടുന്നു.

2001 മാര്‍ച്ച്‌ മാസം സര്‍ക്കാര്‍ യന്ത്രത്തിലെ (ആലങ്കാരികാമായി ഇങ്ങനെയും വിളിക്കാം)ഏതോ കാണാപ്പുറത്തുള്ള വെറുമൊരു നട്ടോ, അല്ലെങ്കില്‍ ഒരു ബോള്‍ട്ടോ മാത്രമായ (താഴെക്കിടയിലുള്ള ഒരു ജീവനക്കാരന്‍ എന്നര്‍ത്ഥം, തെളിച്ചു പറഞ്ഞാല്‍ എല്‍ ഡി ക്ലാര്‍ക്ക്‌) അവറാന്‍കുട്ടിക്ക്‌ മസ്കറ്റിലുള്ള തന്റെ സുഹൃത്ത്‌ ഒരു വിസിറ്റ്‌ വിസ അയച്ചു കൊടുക്കുന്നു. ഒന്നു പോയി നോക്കാം, വല്ല ജോലിയും ശരിയായാല്‍ തിരികെ വന്നു, നീണ്ട അവധി വാങ്ങി തിരികെ പോകാം. ഇനി ജോലിയൊന്നും കിട്ടുന്നില്ലായെങ്കില്‍ തിരികെ വന്നു ശിഷ്ട ജീവിതം സര്‍ക്കാരിനു തിരികെ നല്‍കാം - അവറാന്‍കുട്ടി തീരുമാനിച്ചു കഴിഞ്ഞു.

ചുവപ്പു നാടയുടെ കുരുക്ക്‌ സ്വയം എടുത്തു കഴുത്തിലിടുകയാണ്‌ താനെന്നു പാവം അവറാന്‍കുട്ടി അറിഞ്ഞിരുന്നില്ല. രണ്ടു മാസത്തെ വിസയല്ലേ ഉള്ളൂ. ബാക്കി കിടക്കുന്ന ആര്‍ജിതാവധി (earned leave)ഉപയോഗപ്പെടുത്താം

"സന്ദര്‍ശക വിസയില്‍ വിദേശത്തു പോകാന്‍ സര്‍വ്വീസ്‌ റൂള്‍സില്‍ വകുപ്പില്ല" ഓഫീസ്‌ മേധാവി അറിയിച്ചു.

ലീവ്‌ വിത്തൗട്ട്‌ അലവന്‍സസ്‌ ഫോര്‍ ടേക്കിംഗ്‌ അപ്‌ എമ്പ്ലോയ്‌മന്റ്‌ എബ്രോഡ്‌, ഒാര്‍ ജോയിനിംഗ്‌ വിത്‌ ദ്‌ സ്പൗസ്‌ - വിദേശത്തു പൊകാന്‍ ഈ രണ്ടു മാര്‍ഗം മാത്രം."

പിന്നെ എന്താ ഒരു മാര്‍ഗം സാര്‍" അവിടെ ജോലി കിട്ടുമോ എന്നു ഉറപ്പില്ല, ഇവിടുത്തെ ഉള്ള ജോലി പോകാനും പാടില്ല.

"ഡയറക്ടറുടെ അനുമതിയോടെ ഇന്നാളാരോ ദുബായിക്കു പോയി എന്നു പറയുന്നതു കേട്ടു" സഹപ്രവര്‍ത്തകന്റെ സഹാനുഭൂതി.

ഹാവൂ ആശ്വാസം...

വിശദമായ അപേക്ഷ തയ്യാറാക്കി, അനുബന്ധ രേഖകള്‍ സഹിതം പിറ്റേദിവസം വെളുപ്പാന്‍കാലം കോട്ടയത്തു നിന്നും അനന്തപുരിക്കു വണ്ടി കയറി.തമ്പാനൂരില്‍ നിന്നും വിളിപ്പാടകലയുള്ള എമ്പ്ലോയ്‌മ്മെന്റ്‌&ട്രയിനിംഗ്‌ വകുപ്പു ഡയറക്ടറുടെ ഒാഫീസ്‌.

വളരെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഡയറക്ടര്‍ പി എസ്‌ ഈനോസ്‌, ഐ എ എസിനെ കാണാന്‍ അനുവാദം കിട്ടി. ഫയല്‍ നോക്കിയിട്ട്‌ അദ്ദേഹം പറഞ്ഞു. " തനിക്കു ഗള്‍ഫില്‍ പോകാന്‍ അനുവാദം തരാന്‍ എനിക്കധികാരം ഇല്ല" ഫയല്‍ വകുപ്പു തലവനായ ലേബര്‍ സെക്രട്ടറിക്ക്‌ പോകട്ടെ.

കുറെ ദിവസങ്ങളുടെ ഇടവേളക്കു ശേഷം ഫയല്‍ സെക്രട്ടേറിയെറ്റിലെ ലേബര്‍ ആന്‍ഡ്‌ റീഹാബിലിറ്റേഷന്‍ വകുപ്പിലെത്തി. കടമ്പകള്‍ കടന്നു അണ്ടര്‍ സെക്രട്ടറിയുടെ ടേബിളില്‍..

"വകുപ്പില്ല" "താന്‍ സെക്രട്ടറിയെ നേരില്‍ കാണേണ്ടി വരും"

പിറ്റേദിവസം - ലേബര്‍ സെക്രട്ടറി, ശ്രീ സി വി ആനന്ദബോസ്‌, ഐ എ എസിനെ നേരില്‍ കണ്ടു."നടക്കില്ല" വിസിറ്റ്‌ വിസക്ക്‌ ലീവ്‌ അനുവദിക്കാന്‍ റൂള്‍ ഇല്ല.

""സര്‍" അവറാന്‍കുട്ടി കരയുന്ന മട്ടിലായി.

മുഖത്തെ ദൈന്യത കണ്ടിട്ടാവണം അദ്ദേഹം പറഞ്ഞു. "മിനിസ്റ്ററുടെ സ്പെഷ്യല്‍ ഒാര്‍ഡര്‍ വാങ്ങൂ. തനിക്കു പോകാന്‍ പറ്റും

"ഓഹ്‌... വി. സി കബീര്‍ ആണു വകുപ്പു മന്ത്രി.

വീണ്ടും നൂലാമാലകള്‍ - ദിവസങ്ങള്‍ കടന്നു പോകുന്നു.

ഇതിനിടക്കു കേരള രാഷ്ട്രീയത്തില്‍ മറ്റോരു പ്രധാന സംഭവം നടന്നു.2001 മെയ്‌ മാസം പത്താം തീയതി നടന്ന പൊതുതിരഞ്ഞെടുപ്പില്‍ നായനാര്‍ മന്ത്രിസഭ നിലംപൊത്തി. ഇനി അടുത്ത മന്ത്രിസഭ അധികാരം ഏല്‍ക്കുന്നതു വരെ കാവല്‍ മന്ത്രിസഭ മാത്രം.

"മന്ത്രിമാര്‍ ഒഫീസില്‍ വരില്ല. അത്യാവശ്യം ഫയലുകള്‍ ഔദ്യൊഗിക വസതിയില്‍ എത്തിച്ചു കൊടുക്കുകയാണു പതിവ്‌" കബീര്‍ മാഷുടെ അഡീഷനല്‍ സെക്രട്ടറി ശ്രീ അബ്ദുല്‍ റഷീദ്‌ അവറാന്‍കുട്ടിയെ അറിയിച്ചു.

അത്ഭുതമെന്നു പറയട്ടെ - വളരെ മാന്യനായ അദ്ദേഹം താന്‍ അവറാന്‍കുട്ടിയുടെ ഫയല്‍ മിനിസ്റ്ററുടെ വീട്ടില്‍ എത്തിച്ചു സ്പെഷ്യല്‍ ഓര്‍ഡര്‍ വാങ്ങി തന്നുകൊള്ളാം എന്നു സമ്മതിച്ചു.

"മിന്‍സ്റ്റര്‍ അവറാന്‍കുട്ടി ശനിയാഴ്ച വരൂ" അദ്ദേഹം പറഞ്ഞു.നല്ലവനായ ആ മനുഷ്യസ്നേഹിയുടെയും ആദരണീയനായ ശ്രീ വി സി കബീറിന്റെയും സഹായത്തൊടെ 2001 മെയ്‌ 18 നു അവറാന്‍കുട്ടി 2 മാസത്തെ അവധിക്കു ഗള്‍ഫില്‍ എത്തി.

എന്നാല്‍ ചുവപ്പു നാടയുടെ കുരുക്കഴിക്കാന്‍ കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്കു 23 യാത്രകള്‍, എത്രയോ ഒഫീസുകള്‍ അവറാന്‍ കുട്ടി കയറിയിറങ്ങി.

വാല്‍ക്കഷണം:

കോട്ടയത്തൊരു ചൊല്ലുണ്ട്‌. ' കാര്‍ന്നോര്‍ക്ക്‌ അടുപ്പിലും... ആകാം" എന്ന്.വടക്കുനിന്നും വന്ന പൂച്ചയല്ലേ. ആരു മണികെട്ടാന്‍. നിയമങ്ങള്‍ അടിയാന്മാര്‍ക്കു വേണ്ടിമാത്രം. പാവം ജനങ്ങള്‍. എല്ലാവരും മണ്ടന്മാര്‍.