Sunday, September 30, 2007

ചങ്ങനാശ്ശേരി-തിരുവല്ല വഴി ഹരിപ്പാട്‌ വരെ

ചങ്ങനാശ്ശേരി-തിരുവല്ല വഴി ഹരിപ്പാട്‌ വരെ.ഇതെന്താ... കെ എസ്‌ ആര്‍ ടി സി ബസ്‌ റൂട്ടോ? അല്ല കേട്ടോ! അവറാന്‍കുട്ടി ആദ്യമായി സ്വയം വളയം പിടിച്ച റൂട്ടാണിത്‌.ഡ്രൈവിംഗ്‌ ഒരു തൊഴിലാണ്‌, ഒരു വിനോദമാണ്‌, ഒരു കലയാണ്‌, അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു വിദ്യയാണ്‌. എന്നാല്‍ പലര്‍ക്കും ഇതൊരു കുഴപ്പം പിടിച്ച ഇടപാടാണ്‌. മറ്റുചിലര്‍ പേടികൊണ്ട്‌ ഒരിക്കലും ഈ പരിപാടിക്ക്‌ ശ്രമിക്കില്ല.എട്ടു മണിക്കൂര്‍ പഠനം, ഒരു കിലോമീറ്റര്‍ എങ്ങോട്ടും തിരിക്കാതെ വടി വിഴുങ്ങിയതു പോലൊരു ഡ്രൈവിംഗ്‌, പിന്നെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക്‌ 500 രൂപ കാണിക്ക... ദാ പിടിച്ചോ... ലൈസന്‍സ്‌....ഇതു കോട്ടയത്തെ കഥയാണ്‌ കേട്ടോ!. മറ്റുസ്ഥലങ്ങളില്‍ എങ്ങിനെയാണെന്ന്‌ അവറാന്‍കുട്ടിക്ക്‌ അറിഞ്ഞുകൂടാ.. മേല്‍പറഞ്ഞതുപോലെ ഒരു ദിവസം അവറാന്‍കുട്ടിയും ഒരു വണ്ടിയും സ്വയം ഓടിക്കാനറിയാത്ത ഒരു ഡ്രൈവറായിത്തീര്‍ന്നു.അവറാന്‍കുട്ടിക്ക്‌ ലൈസ്സന്‍സ്‌ കിട്ടി. ഓഫീസില്‍ അതൊരു വാര്‍ത്ത ആയിരുന്നു.അവറാനേ..... ചെലവു ചെയ്യണം.പിന്നെന്താ... ശമ്പളം കിട്ടട്ടെ.......അന്നൊക്കെ ഞങ്ങള്‍ക്ക്‌ മാസത്തിലെ മൂന്നാമത്തെ പ്രവര്‍ത്തി ദിവസമാണ്‌ സാലറി കിട്ടുന്നത്‌. എല്ലാവര്‍ക്കും സന്തോഷപൂര്‍വം 'പരിപ്പുവടയും കട്ടന്‍ചായയും' വാങ്ങിക്കൊടുത്തു.ഒരാഴ്ച്ച കഴിഞ്ഞു."അവറാന്‍കുട്ടി ഇനി ഒരു കാര്‍ വാങ്ങണം. ലോണ്‍ ഞാന്‍ ശരിയാക്കിത്തരാം" വഴിയില്‍വെച്ചുകണ്ട കെ എസ്‌ എഫ്‌ ഇ യുടെ മാനേജര്‍ വെറുതെ പ്രോല്‍സാഹിപ്പിച്ചു.'ദൈവമേ! എനിക്ക്‌ ലൈസ്സന്‍സ്‌ കിട്ടിയ വിവരം 'രാഷ്ട്രദീപികയിലോ 'മറ്റോ വന്നോ? അവറാന്‍കുട്ടി നെടുവീര്‍പ്പിട്ടു. ഇനി അറിയാത്തവരായി ഈ കോട്ടയത്ത്‌ ആരും തന്നെ ഉണ്ടെന്നുതോന്നുന്നില്ല!.പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 'റോസ്‌ലിനും, സുഭാഷും ജാമ്യം നിന്നു. എതാനും ദിവസങ്ങള്‍ക്കകം പുതുപുത്തന്‍ 'മാരുതി' ഒരെണ്ണം അവറാന്‍കുട്ടിയുടെ മുറ്റത്തു വന്നുനിന്നു.ഇത്ര പെട്ടെന്ന് കാര്‍ വാങ്ങാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്‌. മറ്റൊന്നുമല്ല. ലേശം പുരനിറഞ്ഞുവോ എന്നൊരു സംശയം. അപ്പോഴാണ്‌ റോസ്‌ലിന്‍ ഐഡിയ തന്നത്‌. "അവറാന്‍കുട്ടി കാഴ്ചയില്‍ സുമുഖനാണ്‌, ആറടി ഉയരം, നല്ല വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി, പേരെടുത്ത തറവാട്‌, ഇനി ഒരു കാര്‍ കൂടി വീട്ടുമുറ്റത്തില്ലെങ്കില്‍ നല്ല 'ആലോചനകള്‍ വരുമ്പോള്‍ അതൊരുകുറവായി 'പെണ്‍വീട്ടുകാര്‍ക്ക്‌ തോന്നിയേക്കാം"ഹാ.. എന്റെ പൊന്നു റോസീ... നിനക്കു നൂറു നന്ദി.... (പെണ്ണുങ്ങളുടെയും, പെണ്‍വീട്ടുകാരുടെയും മനസ്സ്‌ അവറാന്‍കുട്ടി എങ്ങിനെ അറിയാനാണ്‌... അത്‌ റോസ്‌ലിനെപോലുള്ള പെണ്ണുങ്ങള്‍ക്കല്ലേ അറിയൂ)ഭാഗ്യദേവത കടാക്ഷിക്കുന്നത്‌ ഓര്‍ക്കാപ്പുറത്തായിരിക്കും.. കാര്‍ വാങ്ങിയതോടെ ആലോചനകള്‍ മുറുകി. ഒടുവില്‍ മംഗല്യഭാഗ്യം അവറാന്‍കുട്ടിയെ തേടിയെത്തി. അങ്ങിനെ ചിങ്ങവനംകാരി സ്മിത അവറാന്‍കുട്ടിയുടെ 'നല്ല പകുതി' ആയി.പിറ്റേ ഞായറാഴ്ച്ച... ആദ്യകുര്‍ബാനയ്ക്കായി പോകാന്‍ മിസ്സിസ്‌ & മിസ്റ്റര്‍ അവറാന്‍കുട്ടി റെഡി. കൂടെ അപ്പച്ചനും അമ്മച്ചിയും.വീടുപൂട്ടി മുറ്റത്തേയ്ക്കിറങ്ങുമ്പോള്‍ ഭാര്യയുടെ കിളിനാദം.... ........"അച്ചായാ... നമ്മുക്ക്‌ കാറില്‍ പോകാം"...." ഓ വേണ്ട മോളേ... രാവിലെ നടക്കുന്നതാണ്‌ സുഖം"......"ഒന്നു പോടാ... വെറുതെ പുളുവടിക്കാതെ....എത്ര നാളായി ഇവന്റെ കാറിലൊന്നുകേറി പള്ളിയില്‍ പോകണമെന്നു വിചാരിക്കുന്നു. എന്റെ കൊച്ചേ... ഇവന്‌ വണ്ടി ഓടിക്കാനൊന്നും അറിയില്ല. മുറ്റത്തൂടെ ഉരുട്ടും. അത്രെയുള്ളൂ. റോഡില്‍ ഓടിക്കാന്‍ അറിഞ്ഞുകൂടാ" അമ്മച്ചി വെടിപൊട്ടിച്ചു."ഒന്നുപോടീ.. രാവിലെ തന്നെ അവനെ ദേഷ്യം പിടിപ്പിക്കാതെ" നീ വാ നമുക്ക്‌ നടക്കാം. അപ്പച്ചന്‍ അമ്മച്ചിയെ നോക്കി ചിരിച്ചു."എന്റെ പൊന്നമ്മച്ചീ... എന്നോടിതുവേണമായിരുന്നോ!"മോളേ... അമ്മ വെറുതെ പറഞ്ഞതാ. ഏനിക്കു ലൈസ്സന്‍സ്‌ ഒക്കെ ഉണ്ട്‌. കൈ തെളിയാത്തതുകൊണ്ട്‌ റോഡില്‍ ഓടിക്കുന്നില്ല എന്നേയുള്ളു.. അവറാന്‍കുട്ടി കുറ്റസ്സമ്മതം നടത്തി....ഓ സാരമില്ലന്നേ...അച്ചായാ.. അതൊക്കെ പിന്നെ പഠിക്കാം.. (ഇനി എന്തൊക്കെ പഠിപ്പിക്കാനിരിക്കുന്ന്നു എന്നാണോ അവള്‍ മനസ്സില്‍ പറഞ്ഞത്‌)പക്ഷേ പെണ്ണ്‌ പണി പറ്റിച്ചു. പള്ളിയില്‍നിന്നുവന്നയുടനെ അവള്‍ വീട്ടില്‍ വിളിച്ച്‌ മൂത്ത അളിയനോട്‌ കാര്യം പറഞ്ഞു. സാരമില്ലന്നേ.. നീ വിഷമിക്കാതെ. അളിയന്‍ പെങ്ങളെ ആശ്വസിപ്പിച്ചു. ഞാന്‍ ഉച്ചകഴിഞ്ഞ്‌ അവിടെ വരാം. എന്നിട്ട്‌ നമുക്ക്‌ കാറില്‍ ഹരിപ്പാട്ടിനുപോകാം (അവിടെയാണ്‌ സ്മിതയുടെ അമ്മവീട്‌). ഹരിപ്പാട്‌ പോയി തിരിച്ചുവരുമ്പോഴേയ്കും അവറാന്‍കുട്ടിയളിയന്റെ കൈ തെളിയും....പറഞ്ഞതുപോലെ ഉച്ചകഴിഞ്ഞ്‌ അളിയന്‍ വന്നു. കൂടെ ഇളയ സഹോദരി ആ 'വായാടി'യും. (അവറാന്‍കുട്ടി സ്നേഹപൂര്‍വം 'വായാടി' എന്നണ്‌ ഇവളെ വിളിക്കുന്നത്‌)യാത്ര പുറപ്പെടുകയാണ്‌. വളയത്തിനുപിന്നില്‍ അവറാന്‍കുട്ടി, കൂടെ ആശാനായി അളിയന്‍, പിറകില്‍ ഭാര്യയും അനിയത്തിക്കുട്ടിയും."സ്റ്റാര്‍ട്ട്‌....ഇനി ക്ലച്ച്‌ ചവിട്ടി ഫസ്റ്റ്‌ ഗിയറില്‍ ഇട്‌. മെല്ലെ ക്ലച്ച്‌ അയച്ച്‌... പതിയെ ആക്സിലറേറ്റര്‍ കൊട്‌. ആശാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയയായി.

കാര്‍ നീങ്ങിത്തുടങ്ങി.. മുന്നോട്ട്‌.പെട്ടെന്നാണത്‌ സംഭവിച്ചത്‌... റോഡരികിലെ വേലിക്കുമുകളിലൂടെ... മിന്നായം പോലെ... ഒരു പിടക്കോഴി.. അന്‍ജു ബോബി ജോര്‍ജ്‌ ലോഗ്‌ ജമ്പ്‌ ചാടുന്നതുപോലെ കാറിനു കുറുകെ ഒരു നിലവിളിയോടെ പറന്നുപോയി... തൊട്ടുപിന്നിലായി അയലത്തെ പിള്ളേച്ചന്റെ ആ കറമ്പന്‍ പട്ടിയും. പട്ടിയുടെ ലാന്‍ഡിംഗ്‌ അല്‍പം പിഴച്ചുവോ എന്നൊരു സംശയം... അളിയാ ബ്രേക്ക്‌.....(അതെവിടെയാണ്‌ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ വെപ്രാളംകൊണ്ട്‌ ചോദിക്കാന്‍ മറന്നു)

നേര്‍ക്കുനേരെയുള്ള ഇടിയായതിനാലാവാം അല്ലെങ്കില്‍ തെറ്റു തന്റേതെന്ന തിരിച്ചറിവുകൊണ്ടാകാം പട്ടിയൊന്നുംതന്നെ മിണ്ടാതെ റോഡില്‍ മലച്ചു കിടന്നു


... "പാവം അത്താഴത്തിനു അരിയിടേണ്ടായെന്നു പറഞ്ഞിട്ടായിരിക്കും പട്ടി വീട്ടില്‍നിന്നും പോന്നത്‌" പിറകില്‍ അനുജത്തിയുടെ ആത്മഗതം.പിള്ളേച്ചന്‍ കണ്ടുവോ ആവോ? കണ്ടുകാണാന്‍ വഴിയില്ല. കണ്ടിരുന്നെങ്കില്‍ യാത്ര എപ്പോഴെ മുടങ്ങിയേനെ......"ഇനി ഏതായാലും കോട്ടയം വഴി പോകേണ്ട... നേരെ ചിങ്ങവനം ചങ്ങനാശ്ശേരി വഴി പോകാം" ഭാര്യയ്ക്‌ എന്തോ അല്‍പം ധൈര്യക്കുറവുപോലെ......... അളിയന്‍ ധൈര്യമായിരിക്ക്‌. ഞാനില്ലേ ഇവിടെ എന്ന മട്ടില്‍ ആശാന്‍ ഒന്ന് നോക്കി..

ചാപ്റ്റര്‍ - 2.എം സി റോഡിലൂടെ 'മയില്‍വാഹനം' പതിയെ നീങ്ങിക്കൊണ്ടിരുന്നു. ചങ്ങനശ്ശേരി അടുക്കാറായി."കവലയില്‍ ഒരു ട്രാഫിക്‌ ഐലന്‍ഡുണ്ട്‌. അല്‍പം സൂക്ഷിച്ചുപോണം" അളിയന്‍ നിര്‍ദ്ദേശിച്ചു....."അല്ലാ റോഡ്‌ ക്ലിയറാണല്ലോ?... എന്നാല്‍ പെട്ടെന്നാണ്‌ വഴിയരികില്‍ നിന്നിരുന്ന ട്രാഫിക്‌ എസ്‌ ഐ കൈ നീട്ടി 'സ്റ്റോപ്‌' കാട്ടിയത്‌..."എന്താ സാര്‍".. അവറാന്‍കുട്ടി തല വെളിയിലേക്ക്‌ നീട്ടി..

...."എവിടെ തന്റെ നമ്പര്‍ പ്ലേറ്റ്‌?.

......" അത്‌ മുന്‍പില്‍ കാണും സാര്‍!!"

....." ഇല്ലല്ലോ?.

....."ഇല്ലേ? പിന്നതെവിടെപ്പോയി? അവറാന്‍കുട്ടി എസ്‌ ഐയോട്‌ അറിയാതെ ചോദിച്ചുപോയി......"

"ആഹ്‌...ഹാ... എന്നോടാണോ.... ആ താനെന്താ കള്ളവണ്ടിയില്‍ ചാരായം കടത്തുവാണോ?... ഏമാന്‌ ദേഷ്യം.അപ്പോഴാണ്‌ അനിയത്തി പറഞ്ഞത്‌......" നമ്പര്‍ പ്ലേറ്റ്‌ പട്ടിയുടെ മുഖത്ത്‌ കാണും"

......"മിണ്ടാതിരിയെടീ അവിടെ..... അളിയന്‍ പെങ്ങളെ ശാസിച്ചു.ഹും....ശരി... വണ്ടി വിട്ടോ...... എമാന്‌ കാരുണ്യം.അവറാന്‍കുട്ടി ആക്സിലറേറ്ററില്‍ ചവിട്ടി.. പക്ഷേ വണ്ടി നീങ്ങാന്‍ കൂട്ടാക്കുന്നില്ല....."അളിയാ എഞ്ചിന്‍ ഓഫ്‌ ആണ്‌. ആശാന്റെ കണ്ടെത്തല്‍....വീണ്ടും സ്റ്റാര്‍ട്ട്‌, ഗിയര്‍, ക്ലച്ച്‌.... ഇല്ല ശരിയാവുന്നില്ല. അവറാന്‍കുട്ടി പിന്നെയും പിന്നെയും പരിശ്രമിച്ചു. (സായിപ്പിനെ കണ്ടപ്പോള്‍ കവാത്തുമറന്നു എന്നു പറയുന്നതുപോലെ ... തൊട്ടടുത്ത്‌ എസ്‌ ഐ നില്‍ക്കുമ്പോള്‍ എങ്ങിനെ വണ്ടി നീങ്ങും)പിന്നില്‍ നിന്നും മറ്റുവാഹനങ്ങള്‍ ഹോണടിച്ചുതുടങ്ങി. കവലയില്‍ ട്രാഫിക്‌ ജാം.അപ്പോഴാണ്‌ എമാന്‌ കാര്യം പിടികിട്ടിയത്‌. "

ങ്‌..ഹാ... എം സി റോഡിലാണോടാ ഡ്രൈവിംഗ്‌ പഠിക്കുന്നത്‌. എടുത്തുകൊണ്ടു പോടാ. നിന്റെ .......

.......ബാക്കിയൊന്നും അവറാന്‍കുട്ടി കേട്ടില്ല. കാറിന്‌ പോലീസുകാര്‍ പറയുന്ന ഡിക്ഷനറിയിലില്ലാത്ത ചില പര്യായങ്ങളാണ്‌ എന്ന് പിന്നീട്‌ അളിയന്‍ പറഞ്ഞുതന്നു.സെക്കന്റുകള്‍ക്കുള്ളില്‍ അളിയന്‍ ഡ്രൈവറായി. കാര്‍ ചങ്ങനശ്ശേരി കടന്നുകിട്ടി...."ഇനി തിരുവല്ലാ കഴിഞ്ഞിട്ട്‌ അച്ചായന്‍ ഓടിച്ചാല്‍ മതി".. ഭാര്യ വീണ്ടും നിരുത്സാഹപ്പെടുത്തി.അവറാന്‍കുട്ടി തിരിഞ്ഞുനോക്കി... പാവം അനിയത്തി.. അപ്പോഴും ചെവിപൊത്തി ഇരിപ്പ്പാണ്‌. ജീവിതത്തില്‍ ആദ്യമായി പോലീസിന്റെ ഔദ്യോഗിക സംസാര ഭാഷ കേട്ടതിന്റെ ആഘാതത്തിലാണ്‌ അവളപ്പോഴും.തിരുവല്ലാ-മാവേലിക്കര റോഡിലെത്തി. അളിയന്‍ വീണ്ടും വളയം അവറാന്‍കുട്ടിക്ക്‌ കൈമാറി...."അധികം തിരക്കില്ലാത്ത റോഡാണ്‌"....ധൈര്യമായി വിട്ടോ.."പൊടിയാടി ജംഗ്ഷന്‍ കഴിഞ്ഞു. ഇനി തലവടി എത്തിയാല്‍ എടത്വാ വഴി ഹരിപ്പാടിന്‌ പോകാം"

അളിയന്‍ പറഞ്ഞു."അതെന്താ മാവേലിക്കര വഴി പോയാല്‍?" അവറാന്‍കുട്ടി ചോദിച്ചു.തലവടി അടുക്കാറായി. അതാ വളവില്‍ ഒരു പാലം. പെട്ടെന്നാണ്‌ എതിരെ ഒരു ബസ്‌ വരുന്നത്‌ കണ്ടത്‌. റോഡ്‌ സൈഡില്‍ പാലത്തിനോട്‌ ചേര്‍ന്ന് അവറാന്‍ കാര്‍ നിര്‍ത്തി. ബസ്‌ കടന്നുപോയി...."വലത്തോട്ട്‌ മുഴുവന്‍ ഒടിച്ചിട്ട്‌ മുന്നോട്ടെടുക്ക്‌." ആശാന്‍ കല്‍പിച്ചു.

കാര്‍ പാലത്തിലൂടെ മുന്നോട്ടുനീങ്ങി.കര്‍ത്താവേ!..... അളിയന്‍ നിലവിളിച്ചു. ..."തിരിച്ചൊടിച്ച്‌ നേരെയാക്കെന്റെ.....

അവറാന്‌ ഒന്നും മനസ്സിലായില്ല. കാറിനുള്ളില്‍ കൂട്ടനിലവിളി. നിമിഷങ്ങള്‍ക്കകം അളിയന്‍ കാലുയര്‍ത്തി അവറാന്‍കുട്ടിയുടെ കാലിനുമുകളിലൂടെ ചവിട്ടി ബ്രേക്കിട്ടു. സ്റ്റിയറിങ്ങും അളിയന്റെ കൈയില്‍. റോഡില്‍ ടയറുരയുന്ന സീല്‍ക്കാരം. പാലത്തിന്റെ മദ്ധ്യഭാഗത്തായി വലതുവശം ചേര്‍ന്ന് കാര്‍ നിന്നു. ഒന്നു കണ്ണുചിമ്മി അവറാന്‍ മുന്നോട്ടുനോക്കി. തൊട്ടുമുന്നില്‍ മുട്ടി-മുട്ടിയില്ലാ എന്ന മട്ടില്‍ ഒരു സ്കൂട്ടര്‍. അതിലൊരു പള്ളീലച്ചനും. അച്ചന്‍ കുരിശ്ശുവരച്ചു. കഴുത്തില്‍ കിടന്ന കുരിശ്ശുമാല ചുംബിച്ചു. (സ്വര്‍ഗ്ഗസ്‌ഥനായ പിതാവേ..... തുടങ്ങി അന്ത്യകൂദാശ ക്രമം വരെ ഒറ്റ ശ്വാസത്തില്‍ അച്ചന്‍ ചൊല്ലിക്കാണുമെന്നാണ്‌ എന്റെ 'വായാടി'പെണ്ണ്‌ പിന്നീട്‌ പറഞ്ഞത്‌)ആളുകള്‍ ഓടിക്കൂടി..... എന്താടാ... കണ്ണും മൂക്കുമൊന്നുമില്ലേ. അച്ചനിപ്പം വെള്ളാത്തില്‍ വീണേനെ. എവന്‍ വെള്ളമടിച്ചിട്ടുണ്ടായിരിക്കും - മറ്റൊരുത്തന്റെ കമന്റ്‌.അളിയനിറങ്ങി.. അച്ചനോടെന്തൊക്കെയോ പറഞ്ഞു. അച്ചന്‍ ഒന്നും മിണ്ടിയില്ല.. സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി പതിയെ മുന്നോട്ടുനീങ്ങി.അവറാന്‍കുട്ടി ഡോര്‍ തുറന്നു പുറത്തിറങ്ങി. അളിയന്‍ ഡ്രൈവറായി. ഹരിപ്പാടെത്തുന്നതുവരെ ആരും ഒന്നും മിണ്ടിയില്ല.അമ്മവീട്ടിലെത്തി.. വല്യമ്മച്ചിയെ കണ്ടു. അവറാന്‍കുട്ടിക്ക്‌ ഒരു ഉത്സാഹവും തോന്നിയില്ല. അധികം വൈകാതെ തിരിച്ച്‌ കോട്ടയത്തേക്ക്‌."ഇനി അച്ചായന്‍ ഓടിക്കേണ്ട". ഭാര്യ തീര്‍ത്തുപറഞ്ഞു."കൈ തെളിഞ്ഞില്ലെങ്കിലും കുഴപ്പമില്ല അല്ലെങ്കില്‍ നാട്ടുകാരുടെ കൈക്ക്‌ പണിയാകും" അനിയത്തിക്കുട്ടി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടു മുന്‍സീറ്റിലേക്ക്‌ കയറി ഇരുന്നു.

അളിയന്‍ വണ്ടി വിട്ടു.ഗോദയില്‍ തോറ്റ ഫയല്‍മാന്‍ എന്നപോലെ വിഷാദഭാവത്തോടെ ഭാര്യയുടെ ചുമലിലേക്ക്‌ തലചായ്ച്ച്‌ അവറാന്‍കുട്ടി മയങ്ങി - ഇനി കോട്ടയത്തെത്താതെ വിളിക്കരുതെന്ന മുന്നറിയിപ്പോടെ.

Saturday, September 22, 2007

ഈ പെണ്ണുങ്ങള്‍ എന്താ ഇങ്ങിനെ.....

ഈ പെണ്ണുങ്ങള്‍ എന്താ ഇങ്ങിനെ.....

കഴിഞ്ഞ ലക്കം 'വനിത' ദ്വൈവാരികയില്‍ ഒരു ലേഖനം ഉണ്ടായിരുന്നു...."ഈ ആണുങ്ങള്‍ എന്താ ഇങ്ങിനെ..." എന്നോ മറ്റോ ആയിരുന്നു അതിന്റെ തലക്കെട്ട്‌. ലേഖനം മറ്റൊന്നുമല്ലാ. കേരളത്തിലെ റോഡുകളില്‍ നമ്മുടെ സ്ത്രീകള്‍ വാഹനമോടിക്കുന്നത്‌ നമ്മള്‍ പുരുഷന്മാര്‍ക്ക്‌ സഹിക്കുന്നില്ലത്രെ.എന്തായാലും അവറാന്‍കുട്ടി അതിനോട്‌ പ്രതികരിക്കുന്നില്ല. ലേഖനം വായിച്ചിട്ട്‌ നിങ്ങള്‍ തന്നെ പ്രതികരിച്ചാല്‍ മതി.

ഇനി അവറാന്‍കുട്ടി കാര്യത്തിലേക്ക്‌ കടക്കാം. 2006 മെയ്‌ മാസം. പ്രവാസ ജീവിതത്തില്‍ നിന്നും ഒരു മാസത്തെ പരോളില്‍ നാട്ടിലെത്തിപ്പെട്ടിരിക്കുകയാണ്‌ അവറാന്‍കുട്ടി എന്ന സാധു മനുഷ്യന്‍.ഒരു വൈകുന്നേരം (തീയതി ഒാര്‍ക്കുന്നില്ല)അല്‍പസ്വല്‍പം ചില്ലറ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞ്‌ തന്റെ മാരുതിയില്‍ അവറാന്‍കുട്ടി മടങ്ങുകയാണ്‌ കോട്ടയത്തുനിന്നും മണര്‍കാട്ടേയ്ക്ക്‌. അവറാന്‍കുട്ടി ഒരു നിയമപാലകനാണ്‌(പോലീസല്ല കേട്ടോ!). അതുകൊണ്ടുതന്നെ ട്രാഫിക്‌ മര്യാദകള്‍ ഒക്കെ പാലിച്ചാണ്‌ ഡ്രൈവിംഗ്‌.

കഞ്ഞിക്കുഴി ജങ്ക്ഷന്‍ അടുക്കാറായി. അതാ ഇടതുവശത്ത്‌ "ബാവന്‍സ്‌ സ്റ്റുഡിയോ ആന്‍ഡ്‌ കളര്‍ ലാബ്‌"... പെട്ടെന്നാണ്‌ അതു സംഭവിച്ചത്‌. ബാവന്‍സിന്റെ മുന്‍പില്‍നിന്നും ഒരു കാര്‍.. ഇമ്മിണി വല്യ ഒരു കാര്‍ പെട്ടെന്ന് പുറകോട്ടു വരുന്നു.എന്തിനേറെ പറയുന്നു എല്ലാം പെട്ടെന്നു കഴിഞ്ഞു. ഒരു ഉരച്ചിലും കരച്ചിലും പിന്നെ എന്തൊക്കെയോ മറ്റു ശബ്ദങ്ങളും. അവറാന്‍കുട്ടി അറിയാതെ തന്നെ വണ്ടി താനെ നിന്നു. പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച!.....പാവം. തന്റെ പൊന്നോമന മാരുതിയുടെ ബാക്ക്‌ ബമ്പര്‍ അപ്പൂപ്പന്റെ... കൊഴിയാറായ ആടുന്ന പല്ലുപോലെ ഒരു വശത്തുനിന്നും തൂങ്ങിക്കിടക്കുന്നു. ബ്രേക്ക്‌ ലൈറ്റും പൊട്ടിയിട്ടുണ്ട്‌... കാശുപോയതുതന്നെ...

ഇനി ഇടിച്ചവനെ വെറുതെ വിടാന്‍ പാടില്ലല്ലോ. പക്ഷേ അവറാന്‍കുട്ടിയെ ഞെട്ടിച്ചുകൊണ്ട്‌ അതാ 'അവന്‍' വണ്ടി വിടുന്നു....ഒറ്റ ഒാട്ടത്തിന്‌ മുന്‍പില്‍ കയറിനിന്നു. സ്റ്റോപ്‌!!!!. അങ്ങിനെ അങ്ങുപോയാലോ...ആളുകള്‍ ചുറ്റും കൂടി. ചേട്ടന്‍മാരേ... ഇവന്‍ മുങ്ങാതെ ഒന്നു നോക്കണേ.

അവറാന്‍കുട്ടി ഓടി. ജങ്ക്ഷനിലെ ട്രാഫിക്‌ ഐലന്റിലേക്ക്‌. അതാ അവിടെ ട്രാഫിക്‌ മുദ്രകള്‍ കാട്ടി ഒരു പോലീസ്‌ ചേച്ചി. ഒരു വിധത്തില്‍ കാര്യം അവതരിപ്പിച്ചു. ചേച്ചി മറ്റൊരു മുദ്രകൊണ്ട്‌ അല്‍പം അകലെ മാറി നിന്നിരുന്ന മറ്റൊരു പോലീസ്‌ ചേട്ടനെ കാട്ടിത്തന്നു

........എന്താ. തനിക്കെന്തു പറ്റി.

.......എനിക്കൊന്നും പറ്റിയില്ല സാറേ. പറ്റിയത്‌ എന്റെ വണ്ടിക്കാണ്‌.

എമാന്‍ പെട്ടെന്നു വന്നു. അപ്പോഴും 'ഇടിച്ചവന്‍' വണ്ടിക്കുള്ളില്‍ തന്നെ. എമാന്‍ വിന്‍ഡൊ ഗ്ലാസ്സില്‍ തട്ടി വിളിച്ചു. " ഇങ്ങോട്ടിറങ്ങിയാട്ടെ...ഡോര്‍ സാവധാനം തുറന്നു. എല്ലാവരും നോക്കിനില്‍ക്കെ... ജീന്‍സിട്ട രണ്ടുകാലുകള്‍ വെളിയിലേക്ക്‌ നീണ്ടു. രവിവര്‍മ്മയുടെ മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കൊടി ഒന്നുമല്ല. ഒരു തനി മോഡേണ്‍ 'യുവ' തി. പിന്നെ ഒരു കാര്‍ഡ്‌ പോലീസുകാരന്റെ നേര്‍ക്ക്‌ നീട്ടി. കാര്‍ഡു വാങ്ങി നോക്കിയ ചേട്ടന്‍ ഒന്നു ഞെട്ടുന്നത്‌ ഞങ്ങളെല്ലാവരും കണ്ടതാണ്‌. ഒരു ചുവടു പുറകോട്ടുമാറി പിന്നെ ഒറ്റ സല്യൂട്ടാണ്‌... പിന്നെ ഇങ്ങിനെ മൊഴിഞ്ഞു... സോറി മാഡം... പൊയ്കൊള്ളൂ. ഇത്‌ ഞങ്ങള്‍ നോക്കിക്കൊള്ളാം.

സ്ത്രീകളോടിത്രയും ബഹുമാനമോ?... നിര്‍ന്നിമേഷനായി നോക്കിനുന്നുപോയ അവറാന്‍കുട്ടിയുടെ അടുത്തുവന്നിട്ട്‌ പോലീസുകാരന്‍ ഇങ്ങിനെ പറഞ്ഞു..."അത്‌ ശ്രീമാന്‍ ----- ഐ പി എസ്സിന്റെ ഭാര്യ ... ശ്രീമതി ---- ആണ്‌.പിന്നെ വയര്‍ലസ്സിലൂടെ ട്രാഫിക്‌ സ്റ്റേഷനിലേക്ക്‌ ഒരു മെസേജ്‌.

.....താന്‍ ഒരു കാര്യം ചെയ്യുക. ട്രാഫിക്‌ സ്റ്റേഷനില്‍ റിപ്പോര്‍ട്ട്‌ ചെയ്യൂ.

ഇനിയും നിന്നിട്ട്‌ കാര്യമില്ല. അവറാന്‍കുട്ടി വണ്ടി വിട്ടു.. എത്തിയപാടെ എസ്‌ ഐ പറഞ്ഞു. എസ്‌ പി വിളിച്ചിരുന്നു. തനിക്കു പരാതി ഒന്നും ഇല്ല എന്ന് എഴുതി വെച്ചിട്ട്‌ പൊയ്കൊള്ളു.കര്‍ത്താവേ... എതെന്തുന്യായം. എന്റെ വണ്ടിയില്‍ വന്നിടിച്ചിട്ട്‌ എനിക്ക്‌ പരാതിയൊന്നും ഇല്ല എന്നെഴുതിക്കൊടുക്കണമെന്നൊ.

..ഇനി നിങ്ങള്‍ പറയൂ. ഭര്‍ത്താവിന്റെ ഐ പി എസ്‌ വാലുകാട്ടി എന്നെ വിരട്ടിയ ആ സ്ത്രീയെ എന്തു വിളിക്കണം. ഈ സ്ത്രീകള്‍ എന്താ ഇങ്ങിനെ.... ഒരല്‍പം മര്യാദ, ഒരല്‍പം മാത്രം എന്തേ ഇവര്‍ക്കില്ലാതെപോയത്‌.

Wednesday, April 4, 2007

നീലപൊന്‍മാന്‍

നീലപൊന്‍മാനേ... എന്റെ നീലപൊന്‍മാനേ.....

എത്ര നല്ല വരികള്‍... ഈ മലയാള സിനിമാഗാനം ആസ്വദിക്കത്തവരായി ആരും തന്നെ ഈ ഭൂമിമലയാളത്തില്‍ ഉണ്ടാവില്ല.എന്നാല്‍ ഞാന്‍ അവറാന്‍കുട്ടി ഈ ഗാനത്തെ അത്യധികം വെറുക്കുന്നു.ഇനി ഒരിക്കലും കേള്‍ക്കരുതെന്നാഗ്രഹിക്കുന്നു.അവറാന്‍കുട്ടി ഇത്ര കഠിനഹൃദയനോ എന്നു നിങ്ങള്‍ ചോദിച്ചേക്കാം.ഒരു നല്ല ഗാനം ആസ്വദിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട, മുരടിച്ച മനസ്സാണോ അവറാന്‍കുട്ടിയുടേത്‌? ഉത്തരം 'അല്ല' എന്നു തന്നെ. എന്നിരുന്നാലും നീലപൊന്മാനേ എന്ന ഗാനം അവറാന്‍കുട്ടിയ്ക്ക്‌ വെറുപ്പാണ്‌.

എടാ കൂവെ... വെറുതെ വാചകം അടിക്കാതെ കാരണം എന്താന്നുവെച്ചാല്‍ പറഞ്ഞിട്ട്‌ സ്ഥലം കാലിയാക്കാന്‍ നോക്ക്‌. വെറുതെ ഞങ്ങളെ ടെന്‍ഷന്‍ അടിപ്പിക്കാതെ.... എന്നു നിങ്ങള്‍ പറയുന്നതിനുമുന്‍പ്‌ ആ കഥ ഞാന്‍ പറയാം.

ഏകദേശം ഒരു ഒന്നൊന്നര പതിറ്റാണ്ടിനുമുന്‍പ്‌ അവറന്‍കുട്ടി അല്‍പസ്വല്‍പ്പം പ്രാവീണ്യമുണ്ടായിരുന്ന ഗണിതശാസ്ത്രത്തില്‍ ഒരു ബിരുദമെങ്കിലും ഇരിക്കട്ടെ എന്ന് വിചാരിച്ച്‌ കോട്ടയം ഗവ. കോളെജില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന കാലം.(ആക്കാലത്ത്‌ പൊതുവെ കണക്കു പഠിക്കുന്നവരെ മൂരാച്ചികളും, മുരടന്‍മാരും പിന്നെയും പറഞ്ഞാല്‍ വികടന്‍മാരും ആയികണ്ടിരുന്നു. ഗണിതശാസ്ത്രത്തില്‍ തോറ്റു തൊപ്പിയിടാതെ ഇരിക്കുന്നതിനായി അടുത്ത പരീക്ഷയില്‍ എന്തു പരീക്ഷണം നടത്തണം എന്നലോചിച്ച്‌ സൂത്രങ്ങളും സൂത്രവാക്യങ്ങളും ഒക്കെ എപ്പോഴും മനസ്സില്‍ കൂട്ടുകയും കിഴിക്കുകയും ചെയ്തുകൊണ്ട്‌ സാഹിത്യ സാംസ്കാരിക പഞ്ചാരയടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ അടങ്ങിയൊതുങ്ങികഴിഞ്ഞിരുന്ന ഞങ്ങളെ അങ്ങിനെ കണ്ടിരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.)

ഞങ്ങള്‍ 'സയന്റിസ്റ്റുകള്‍' എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ (മാത്‌സ്‌, ഫിസിക്‌സ്‌, ജിയോളജി, ബോട്ടണി ആദിയായവ) എല്ലാവരും ചേര്‍ന്നോരുമിച്ചാണ്‌ ഇംഗ്ലീഷ്‌ ക്ലാസ്സുകള്‍ നടത്തിയിരുന്നത്‌. ആയതിലേക്കായി ഇംഗ്ലീഷ്‌ ക്ലാസ്സുള്ള ദിവസം പല ദിക്കുകളില്‍ നിന്നും ഒാരോ ചെറിയ പ്രകടനങ്ങളായി പുറപ്പെട്ട്‌ അവസാനം മെയിന്‍ ബില്‍ഡിങ്ങിലെ രണ്ടാംനിലയിലുള്ള അഞ്ചാം നമ്പര്‍ ഹാളില്‍ ഞങ്ങള്‍ സമ്മേളിക്കുമായിരുന്നു. ഇംഗ്ലീഷ്‌ ഡ്രാമ പഠിക്കുവാനുണ്ടായിരുന്നത്‌ ഷേക്സ്‌പിയറിന്റെ വിഖ്യാതമായ 'മാക്‍ബത്‌' ആയിരുന്നു.പഠിപ്പിച്ചിരുന്നതോ..ഏവര്‍ക്കും പ്രിയങ്കരനായിരുന്ന പ്രഫ. ഗീവര്‍ഗീസും. ഒരിക്കലും മുടങ്ങാതെ എല്ലാവരും അതീവ താല്‍പര്യത്തോടെ സാറിന്റെ ക്ലാസ്സില്‍ പങ്കെടുത്തിരുന്നു.

ഇങ്ങനെ കുറെ നാളുകള്‍ സന്തോഷത്തോടെ കഴിഞ്ഞുപോയി.മാക്‍ബത്‌ പഠിച്ചതുകൊണ്ടാണോ അതോ സുന്ദരവും സുരഭിലവുമായ കോളെജ്‌ ജീവിതം പതിയെ തലയ്ക്ക്‌ പിടിച്ചതുകൊണ്ടാണോ എന്ന് അറിഞ്ഞുകൂടാ ഞങ്ങളില്‍ പലരുടെയും ഹൃദയങ്ങള്‍ പതിയെ അലിയാന്‍ തുടങ്ങി. സാഹിത്യവും സംഗീതവും, പ്രേമവും അങ്ങിനെ എല്ലാം എല്ലാംഹൃദയങ്ങളില്‍ ചേക്കേറാന്‍ തുടങ്ങി. പലരും വെറും സാദാ കോളേജ്‌ കുമാരന്മാരായി. അവറാന്‍കുട്ടിയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.

തനിക്കു സംഭവിച്ച ഈ മാറ്റം അവറാന്‍കുട്ടി തിരിച്ചറിഞ്ഞത്‌ പെട്ടെന്നുണ്ടായ ഒരു സംഭവത്തോടെയാണ്‌.

ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. പതിവുപോലെ അവറാന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരു പറ്റം 'കുമാരന്മാര്‍'മെയിന്‍ ബില്‍ഡിംഗ്‌ ലക്ഷ്യമാക്കി നീങ്ങുന്നു - രണ്ടാം നിലയിലേക്കുള്ള ഗോവണിപ്പടികളില്‍ കാലെടുത്തുവെച്ചതും അവറാന്‍കുട്ടിയിലെ യുവ ഗായകന്‍ ഉണര്‍ന്നതും ഒരുമിച്ചായിരുന്നു. പിടക്കോഴികളെ കണ്ട പൂവന്‍ കൂവാനൊരുങ്ങുന്നതുപോലെ - കഴുത്തുചെരിച്ച്‌, കണ്ഠശുദ്ധി വരുത്തി പരിസരം മറന്ന് നിന്നനില്‍പ്പില്‍ അവറാന്‍കുട്ടി ഒരു പാട്ടുപാടി."നീലപൊന്‍മാനേ ... എന്റെ നീലപൊന്‍മാനേ..."

നാലുവരി തികച്ചുപാടിയില്ല അതിനുമുന്‍പ്‌ ഗോവണിയുടെ മുകളില്‍ നിന്നും:

"എന്താടാ.... നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങന്മാരും ഒന്നും ഇല്ലേ?....

അവറാന്‍കുട്ടിയുടെ കൂട്ടത്തില്‍ നിന്നാരോ മറുപടി:

"ഇല്ല മോളേ.. അവരെല്ലാം രാവിലെ ഒരു കല്യാണത്തിന്‌ പാലായ്ക്ക്‌ പോയിരിക്കുകയാ.

"ങ്‌ഹാ... അത്രയ്ക്കായോ... കുറെ നേരമായല്ലോ പുറകെ നടന്നു കളിയാക്കുന്നല്ലേ. ഞാനിത്‌ കംപ്ലയിന്റ്‌ ചെയ്യും.

സ്ഥലകാലബോധം വീണ്ടെടുത്ത്‌, കണ്ണുചിമ്മിത്തുറന്ന് അവറാന്‍-കുട്ടി നോക്കി.തൊട്ടുമുന്‍പില്‍ അതാ ഒരു സുന്ദരി പൊന്‍മാന്‍. അല്ല ഒരു പെണ്‍മാന്‍....നീലചുരിദാറിട്ട്‌.. ഹാ എന്താ തിളക്കം. എന്തൊരു ഭംഗി. കൂട്ടത്തില്‍ രണ്ട്‌ തോഴിമാരും.

പെണ്മാന്റെ കണ്ണില്‍ നിന്നും തീ പാറി. രൂക്ഷമായ ഒരു തുറിച്ചുനോട്ടം. പക്ഷെ അവറാന്‍കുട്ടി അതൊന്നും അപ്പോള്‍ അത്ര കാര്യമാക്കിയില്ല.

ക്ലാസ്സില്‍ എത്തി അല്‍പ്പസമയത്തിനകം അതാ പ്രഫസറോടൊപ്പം, പ്യൂണിനേയും കൂട്ടി ആ നീലപൊന്‍മാന്‍ വാതിലില്‍ പ്രത്യക്ഷപ്പെടുന്നു. പെട്ടെന്നൊരു തിരിച്ചറിയല്‍ പരേഡ്‌. നിമിഷങ്ങള്‍ക്കകം അവറാന്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്ത്‌ പ്യൂണ്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക്‌... മുന്‍പില്‍ നീലപൊന്‍മാന്‍. പിന്‍പില്‍ തോഴിമാരകമ്പടി.

കോടതി കൂടി.. ദൃക്‌സാക്ഷികളായി രണ്ടുതോഴിമാരുണ്ടായിരുന്നതുക്കൊണ്ടവണം വിചാരണ പെട്ടെന്നു തീര്‍ന്നു. അവറാന്‍കുട്ടി ചെയ്ത കുറ്റം:ഇവന്‍ ഒരു സ്ഥിരം ശല്യക്കാരനാണ്‌. കുറെ നാളായി പുറകെ നടന്നു ശല്യം ചെയ്യുന്നു. ഇന്നു രാവിലെ സ്റ്റെയെര്‍കേസിന്റെ ചുവട്ടില്‍ വെച്ച്‌ എല്ലാവരും കേള്‍ക്കെ അപമാനിച്ചു. "എന്റെ കര്‍ത്താവേ".... അവറാന്‍കുട്ടി പരിസരം മറന്ന് നിലവിളിച്ചുപോയി. സ്ത്രീത്വത്തെ അപമാനിക്കുകയോ അതായത്‌ പീഠനം എന്നോ. മനസ്സാ വാചാ കര്‍മണാ ചെയ്യാത്ത കുറ്റമാണ്‌ തന്റെമേല്‍ ആരോപിക്കപ്പെടുന്നതെന്ന് അവറാന്‍കുട്ടിയ്ക്‌ മനസ്സിലായി. പ്രതിഭാഗത്തുനിന്നും സാക്ഷികളോ വാദഗതികളോ ഉണ്ടായിരുന്നില്ല.

(ആന്നൊന്നും കേരളത്തില്‍ 'സ്ത്രീപീഡനം' എന്ന പരിപാടി നിര്‍വചിക്കപ്പെട്ടിരുന്നില്ല... കോളെജുകളില്‍ പീഡനക്കമ്മറ്റികളും നിലവിലില്ലായിരുന്നു. അതുകൊണ്ടുതന്നെ ശിക്ഷ അത്ര കടുത്തതാവാനും സാധ്യതയില്ല എന്ന ഒരു ചെറിയ ആശ്വാസം മാത്രമേ അവറാന്‍കുട്ടിയ്ക്കുണ്ടായിരുന്നുള്ളു).

രക്ഷപ്പെടാന്‍ എന്താണൊരു വഴി? അവസാനം പ്രിന്‍സിപ്പാള്‍. തന്നെ മൊഴിഞ്ഞു.

"താന്‍ ആ പെണ്‍കുട്ടിയോട്‌ മാപ്പു പറഞ്ഞിട്ട്‌ ഇനി ഇതൊന്നും മേലാല്‍ ആവര്‍ത്തിക്കില്ലാ എന്ന് എഴുതിത്തന്നിട്ട്‌ പൊയ്ക്കൊ"

.....സര്‍, ഞാന്‍ മാപ്പു പറയാം...ആദ്യമായി കാണുന്ന കുട്ടിയാണ്‌. മനപ്പൂര്‍വം ഒന്നും ചെയ്തിട്ടില്ല. എന്നാലും എന്തിനാണ്‌ അത്‌ എഴുതിത്തരുന്നത്‌. സര്‍, സദാചാരം മാത്രമേ എനിക്ക്‌ കൈമുതലായുള്ളൂ. എന്റെ ഹിസ്റ്ററി പരിശോധിച്ചാല്‍ മനസിലാകും ഞാന്‍ ഒരു കുഴപ്പക്കാരനേ അല്ലാ എന്ന്.

"തന്റെ ഒരു ഹിസ്റ്ററിയും എനിക്ക്‌ കേള്‍ക്കേണ്ട. തന്‍ വേഗം എഴുതിക്കൊടുത്തിട്ട്‌ പോകാന്‍ നോക്ക്‌"

ഇനി രക്ഷയില്ലാ...അവറാന്‍കുട്ടി നിസ്സഹായനായി ചുറ്റും നോക്കി. പിന്നെ തിരിഞ്ഞ്‌ 'പൊന്‍മാനോടും ചുറ്റുമുള്ളവരോടും ഇങ്ങനെ പറഞ്ഞു.

"എന്റെ പൊന്നു പെങ്ങളേ, അനിയത്തിപ്രാവുകളെ, സാറന്മാരേ.. മനപ്പൂര്‍വം ഒന്നും ചെയ്തിട്ടില്ല. കളിയാക്കണമെന്നോ,ഉപദ്രവിക്കണമെന്നോ ഉദ്ദേശിച്ചിരുന്നില്ല. ഒരബദ്ധം പറ്റിയതാണ്‌. അറിയാതെ പാടിയ ഒരു പാട്ടാണ്‌. കുട്ടി ഇന്ന് നീല ചുരിദാറിടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ക്ഷമി..... ഇനി മേലാല്‍ ഈ പാട്ടെന്നല്ല 'നിറമുള്ള' ഒരു പാട്ടും ഈ അവറാന്‍ കുട്ടി പാടുകയില്ല"

നടപടിക്രമങ്ങള്‍ വേഗം തീര്‍ന്നു..അങ്ങിനെ ആദ്യമായി കോളെജിലെ പൂവാലന്‍മാരുടെ ലിസ്റ്റില്‍ കെ.അവറാന്‍കുട്ടി എന്ന പേര്‍ എഴുതിചേര്‍ക്കപ്പെട്ടു. പൊന്‍മാന്‍ സമാധാനത്തോടെ ക്ലാസ്സിലേയ്ക്ക്‌ തോഴിമാരോടോപ്പം മടങ്ങി.....

പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ അവറാന്‍കുട്ടി ഒരു ശപഥം ചെയ്തു. ഇനി മേലാല്‍ മലയാളത്തിലെ പഴയതോ പുതിയതോ ആയ ഒരു പ്രണയ ഗാനവും മരിക്കുന്നതുവരെ ഉറക്കെ എന്നല്ല കുളിമുറിയില്‍ പോലും പാടില്ല എന്ന്‌.

വിഷണ്ണനായി, ഇംഗ്ലിഷ്‌ ക്ലാസ്സിലേയ്ക്ക്‌ പോകാന്‍ കഴിയാതെ, തന്റെ സഹപാഠികളെ അഭിമുഖീകരിക്കാനാവാതെ അവറാന്‍കുട്ടി എന്ന രെജിസ്റ്റേര്‍ഡ്‌ പൂവാലന്‍ കോളെജില്‍ നിന്നും വെളിയിലേക്കിറങ്ങി നടന്നു.... എങ്ങോട്ടെന്നില്ലാതെ....

വാല്‍ക്കഷണം: അവറാന്‍കുട്ടി നിരപരാധിയാണെന്ന് പിന്നീട്‌ ബോധ്യപ്പെട്ട ആ 'നീലപൊന്‍മാന്‍' താമസിയാതെ തന്നെ അവറാന്‍കുട്ടിയുടെ മാത്രം പൊന്‍മാനാവുകയും ഇണക്കിളികളെപ്പോലെ രണ്ടുപേരും കാമ്പസില്‍ പറന്നു നടക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനുശേഷം കോളേജ്‌ അവസാനിച്ചപ്പോള്‍ അവറാന്‍കുട്ടിയെ തനിച്ചാക്കി ആ പൈങ്കിളി മറ്റേതോ കൂടുംതേടി എങ്ങോട്ടോ പറന്നു പോയി...

Monday, March 26, 2007

പ്രതിമകള്‍

കോട്ടയം പട്ടണത്തിലൂടെ കാല്‍നടയായോ, വാഹനങ്ങളിലോ യാത്ര ചെയ്തിട്ടുള്ളവര്‍ ഒരുപക്ഷെ കോട്ടയം പട്ടണത്തിന്റെ ചില പ്രധാന ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചില മഹത്‌വ്യക്തികളുടെ പ്രതിമകള്‍ ശ്രദ്ദിച്ചിട്ടുണ്ടാവണം. എന്നാല്‍ ഇതുവരെയും കാണത്തവര്‍ക്കുവേണ്ടി ഞാനീ വ്യക്തികളെ പരിചയപ്പെടുത്താം.

ആദ്യമായി സെന്റ്രല്‍ ജങ്ക്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന നമ്മുടെ രാഷ്ട്രപിതാവ്‌ - മഹാത്മാഗാന്ധി. പ്രായക്കൂടുതല്‍ കൊണ്ടാണോ അതോ ഇനി കാണരുതാത്ത കാഴ്ചകള്‍ കാണേണ്ട എന്നു വിചാരിച്ചിട്ടാണോ "ബാപ്പു" തലകുനിച്ച്‌ കിഴക്കോട്ടു നോക്കിയാണ്‌ നില്‍ക്കുന്നത്‌.

രണ്ടാമതായി പഴയ ശീമാട്ടി റൗണ്ടാനയ്ക്കു സമീപം ശാസ്ത്രിറോഡ്‌ തുടങ്ങുന്നിടത്ത്‌ കിഴക്കോട്ട്‌ തന്നെ നോക്കി ഒരുകാലത്ത്‌ കേരള രാഷ്ട്രീയത്തിലെ സാക്ഷാല്‍ സുന്ദര പുരുഷനായിരുന്ന ശ്രീമാന്‍ പി ടി ചാക്കോയുടെ ഗാംഭീര്യഭാവത്തിലുള്ള പ്രതിമ.

ഇനി മൂന്നാമതായി മലയാള മനോരമ ഒാഫീസിനു മുന്‍വശം സ്ഥാപിച്ചിരിക്കുന്ന മനോരമ തറവാട്ടിലെ കാരണവരായ ശ്രീമാന്‍ മാമ്മന്‍ മാപ്പിളയുടെ പ്രതിമ. എന്നാല്‍ അടുത്തകാലത്തായി മുനിസിപ്പല്‍ പാര്‍ക്കില്‍ അക്ഷരകേരളത്തിന്റെ (അച്ചടി)പിതാമഹനായ ബെയ്‌ലി സയിപ്പിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്‌. മുനിസിപ്പല്‍ പാര്‍ക്കില്‍ ആയതുകൊണ്ടാവണം ഞങ്ങള്‍ കോട്ടയംകാരാരുംതന്നെ അദ്ദേഹത്തെ കാണാന്‍ അങ്ങോട്ടുപോകാറില്ല. അതിനു പ്രത്യേകിച്ചു കാരണവുമുണ്ട്‌.വെറുതെ ആ കാട്ടില്‍ പോയി പാമ്പ്‌, തേള്‍, പഴുതാര,മുതലായ ക്ഷുധ്ര ജീവികളുമായി ഏറ്റുമുട്ടുന്നത്‌ എന്തിനാ എന്നു വിചാരിച്ചിട്ടാണ്‌. തന്നെയുമല്ലാ ആ പ്രദേശം സന്ധ്യമയങ്ങിയാല്‍ പിന്നെ നിശാസുന്ദരിമാരുടേയും സുന്ദരന്മാരുടേയും വിഹാരരംഗംകൂടിയാണ്‌. എന്തായാലും അക്ഷരനഗരിയുടെ ഈ തലതൊട്ടപ്പനെ ഇങ്ങനെ അപമാനിച്ചതില്‍ അവറാന്‍ കുട്ടിക്കുള്ള പ്രതിഷേധവും ഇവിടെ അറിയിച്ചുകൊള്ളുന്നു.

ഇനി കാര്യത്തിലേക്ക്‌ കടക്കാം. സാധാരണയായി തീയേറ്ററുകളില്‍ സെക്കന്റ്‌ ഷോ കഴിഞ്ഞാല്‍പ്പിന്നെ കോട്ടയം പട്ടണം വിജനമാകും. പിന്നെ രാത്രിയില്‍ ഒരു നാഴിക കൂടിക്കഴിഞ്ഞാല്‍ പി ടി ചാക്കോ അവര്‍കള്‍ തന്റെ താവളത്തുനിന്നും ഇറങ്ങുകയായി. ആദ്ദേഹം നേരേ പോകുന്നത്‌ ബാപ്പുവിന്റെ അടുത്തേയ്ക്കാണ്‌. അല്‍പ്പം ബുദ്ദിമുട്ടിയിട്ടാണെങ്കിലും ബാപ്പുവിന്റെ കൈ പിടിച്ച്‌ അദ്ദേഹത്തെ താഴെ ഇറക്കും. പിന്നെ രണ്ടുപേരുംകൂടി തിരുനക്കര മൈതാനത്തിരുന്നുകൊണ്ടു കുറെ വാചകമടിക്കും.നേരം വെളുത്തപ്പോള്‍ മുതല്‍ രാത്രി വൈകുവോളം കണ്ടതും കേട്ടതുമായ കാഴ്ച്ചകള്‍ അവര്‍ പരസ്പരം പങ്കുവെയ്കും. പിന്നെ അടുത്തുള്ള തട്ടുകടയില്‍ നിന്നും നല്ല ചൂടു പൊറോട്ടയും ചിക്കനും കഴിച്ചിട്ട്‌ ഒരു പാഴ്‌സലും വാങ്ങി നേരേ കെ കെ റോഡിലൂടെ കിഴക്കോട്ടു നടക്കും. മനോരമയിലെത്തി മാമ്മന്‍ മാപ്പിളയെ കാണാനാണീ യാത്ര. മാത്രവുമല്ല ചിക്കനും പോറോട്ടയും പീസ്‌ പീസ്‌ ആക്കി മാപ്പിളയുടെ വായില്‍ വെച്ചു കഴിപ്പിച്ചിട്ടേ അവര്‍ മടങ്ങുമായിരുന്നുള്ളു.


പി ടി യുടെയും ബാപ്പുവിന്റെയും ദിവസേനയുള്ള ഈ പരിപാടിയെക്കുറിച്ചറിഞ്ഞപ്പോള്‍ മുതല്‍ അങ്ങുതാഴെ ഏകാന്തവാസത്തിലായിരിക്കുന്ന സായിപ്പിന്‌ ഒരു മോഹം - എങ്ങനെയെങ്കിലും ഈ കമ്പനിയില്‍ കൂടിച്ചേരണം. തന്നെയുമല്ല ഈ വിധ്വാന്‌ മലയാളവും മലയാളിയേയും മനോരമയേയും അവരുടെ മാപ്പിളയേയും നല്ല പരിചയവുമാണല്ലോ. അങ്ങിനെ ഒരു പാതിരാത്രിയില്‍ ബെയിലി സായിപ്പ്‌ പി ടി യ്ക്ക്‌ ഒരു കത്ത്‌ കൊടുത്തുവിട്ടു. കത്തുവായിച്ച പി ടി യ്ക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി. തങ്ങളുടെകൂടെ കൂടിക്കൊള്ളാന്‍ അനുവാദവും കൊടുത്തു.

പിറ്റേന്ന് രാത്രിയില്‍ ആരും കാണാതെ, പാര്‍ക്കില്‍ നിന്നിറങ്ങി, പട്ടികടികൊള്ളാതെ സായിപ്പ്‌ പി ടി യുടെ അടുത്തെത്തി. രണ്ടുപേരുംകൂടി നടന്ന് ബാപ്പുവിനെയും കൂട്ടി പതിവു പാഴ്‌സലുമായി മാപ്പിളയെ കാണാന്‍ പുറപ്പെട്ടു.ക്ഷീണിച്ച്‌ അവശനായി വടിയും കുത്തി പി ടിയുടെ കൈയും പിടിച്ച്‌ കൂനിക്കൂനി നടക്കുന്ന മഹാത്‌മാവിനെ കണ്ടപ്പോള്‍ സയിപ്പിനു കലശലായ ദേഷ്യം വന്നു. വയോധികനായ ഈ മനുഷ്യന്‍ എന്തിനാണ്‌ ഇത്രയും ദൂരം നടന്ന്‌ വെറുമൊരു പത്രമുതലാളിയായ മാപ്പിളയെകാണാന്‍ അങ്ങോട്ടു പോകുന്നത്‌.എങ്കിലും പി ടിയുടെ തനിസ്വഭാവം അറിയമായിരുന്നതുകൊണ്ട്‌ സായിപ്പ്‌ ദേഷ്യം ഉള്ളിലടക്കി കൂടെനടന്നു.

യാത്രയുടെ അവസാനം അവര്‍ മൂന്നുപേരുംകൂടി മനോരമയുടെ മുന്‍പിലെത്തി. അരണ്ടവെളിച്ചത്തില്‍ അതാ മാപ്പിള..... സായിപ്പിനു ദേഷ്യം കൂടിക്കൂടിവന്നു. തങ്ങളെക്കണ്ടിട്ടും മാപ്പിളയ്ക്ക്‌ ഒരു കുലുക്കവുമില്ല. നില്‍ക്കുന്നിടത്തുനിന്നും ഒന്നനങ്ങുന്നുപോലുമില്ല.സായിപ്പല്ലേ.. ഉപചാരങ്ങള്‍ക്ക്‌ കുറവുവന്നാല്‍ സഹിക്കുമോ? ടിയാന്‍ ആംഗലേയത്തില്‍ ഒരു കാച്ചു കാച്ചിക്കൊടുത്തു.ആദ്യം ചെവി പൊത്തിപ്പോയെങ്കിലും സമനില വീണ്ടെടുത്ത പി ടി സായിപ്പിനെ നോക്കി ഇങ്ങനെ അലറി: ....%*" താനേതു കോത്താഴത്തെ സായിപ്പാണെടോ? ശരിക്ക്‌ കണ്ണ്‍തുറന്നുനോക്കെടോ. കയ്യും കാലും എന്തിനു ശരിക്ക്‌ ഉടലുപോലുമില്ലാത്ത ഈ മാപ്പിള എങ്ങെനെയാണെടോ തന്നെക്കാണാന്‍ അങ്ങോട്ട്‌ എഴുന്നെള്ളുന്നത്‌?

സായിപ്പൊന്നുഞ്ഞെട്ടി!!!. പിന്നെ കണ്ണുവലിച്ചുതുറന്ന് നേരെ മാപ്പിളയെ നോക്കി....കണ്ട കാഴ്ച . അരയടി മാത്രം വലിപ്പമുള്ള കയ്യും കാലുമില്ലാത്ത ഒരു ഊര്‍ദ്വകായ പ്രതിമ.

പാവം മാപ്പിള, തന്റെ പിന്‍ഗാമികള്‍ തന്നോട്‌ ചെയ്ത മഹാപാപത്തെ ഓര്‍ത്തിട്ടെന്നവണ്ണം ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നു.

Sunday, March 25, 2007

'കലം ഉപദേശി'

കോട്ടയത്തുനിന്നും ഏകദേശം 8 കിലോമീറ്റര്‍ കിഴക്കു മാറി മണര്‍കാട്‌ എന്ന എന്റെ ഗ്രാമം. സാധാരണക്കരില്‍ സാധാരണക്കാരായവരാണ്‌ എന്റെ നാട്ടുകാര്‍. ഇടയ്ക്കിടക്ക്‌ എന്റെ നാട്ടിലൂടെ ഒരു ഉപദേശി വരുമായിരുന്നു. നാട്ടുകാര്‍ പൊതുവെ സമധാനപ്രിയരും കുന്നായ്മ, കുതികാല്‍വെട്ട്‌, പരദൂഷണം, കുതിരകയറ്റം, വേലിചാടല്‍ എന്നീ സ്വഭാവങ്ങള്‍ അവരില്‍ ലവലേശം പോലുമില്ലാതിരുന്നതുകൊണ്ടും ഉപദേശിക്ക്‌ നാട്ടില്‍ വലിയ മാര്‍ക്കെറ്റില്ലായിരുന്നു.

മുട്ടിനുതാഴെവരെ മാത്രമുള്ള ഒരു പാന്റും അയഞ്ഞ വലിയ ഷര്‍ട്ടുമാണ്‌ ഉപദേശിയുടെ സധാരണ വേഷം. ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്ന പേരിനു ചേരുന്ന വിധം കയ്യില്‍ എപ്പോഴും ഒരു മണ്‍കലവും പിന്നെ തോളില്‍ ഒരു പ്ലാസ്റ്റിക്‌ ചാക്ക്‌ നിറയെ എന്തൊക്കെയൊ സാധനങ്ങളും ഉണ്ടായിരുന്നു. അങ്ങേര്‌ എവിടെനിന്ന് വരുന്നുവെന്നൊ എങ്ങൊട്ടു പൊകുന്നുവെന്നൊ ആര്‍ക്കും അറിയില്ല. ആരും അദ്ദേഹത്തോടൊന്നും ചോദിച്ചില്ല അദ്ദേഹം ആരോടും ഒന്നും പറഞ്ഞുമില്ല. വെറുതെ വഴിയിലൂടെ നടക്കും - ഉച്ചത്തില്‍ എന്തൊക്കെയോ ചില കാര്യങ്ങള്‍ വിളിച്ചുപറയും. പറഞ്ഞതെന്തെന്നു അങ്ങേര്‍ക്കൊ കേട്ടതെന്തെന്നു ഞങ്ങള്‍ക്കോ മനസ്സിലായിരുന്നില്ല. പൊതുവെ നിരുപദ്ദ്രവകാരിയായിരുന്നതിനാല്‍ അങ്ങേരോട്‌ ആര്‍ക്കും ഒരു പരിഭവവും ഇല്ലായിരുന്നു. ഇടയ്ക്ക്‌ ഉപദേശം നിര്‍ത്തിയിട്ട്‌ വഴിയരികെയുള്ള ചില വീടുകളില്‍ കയറി ഭിക്ഷയായി കലത്തില്‍ അരി വാങ്ങും. കലം നിറയുമ്പോള്‍ എങ്ങോട്ടൊ നടന്നുമറയും.

ഇങ്ങനെ കാലം കുറെ കഴിഞ്ഞു. കൃത്യമായി എല്ലാ ആഴ്ചയിലും മുടക്കമില്ലാതെ നടന്നുകൊണ്ടിരുന്ന ഈ പരിപാടിയ്ക്കു മാറ്റം വന്നത്‌ പെട്ടെന്നായിരുന്നു.അന്നും പതിവു പോലെ ഉപദേശി വന്നു. കലവും ചാക്കുമായി. മണ്‍പാതകള്‍ കൂടിച്ചേരുന്ന ചൈറിയ കവലയില്‍ നിന്നു. എല്ലാവരും ശ്രദ്ദിക്കുന്നു എന്ന് മനസ്സിലായപ്പോള്‍ പിന്നെ ഒറ്റ പ്രസംഗമായിരുന്നു. "എന്റെ പ്രിയമുള്ളവരേ - എന്റെ ഭാര്‌യ ഗര്‍ഭിണി ആകാതിരിക്കേണ്ടതിന്‌ കര്‍ത്താവായ ദൈവം അവളുടെ ഗര്‍ഭപാത്രത്തില്‍ ഡി ഡി റ്റി വിതറിയിരിക്കുന്നു"ഒരു നിമിഷം ആ പ്രദേശമാകെ ഞെട്ടിത്തരിച്ചുനിന്നു. ഒരു ഇല പോലും അനങ്ങിയില്ല. പിന്‍ ഡ്രൊപ്‌ സൈലന്‍സ്‌. പതിവുപോലെ ഉപദേശി സമീപത്തുള്ള വീടുകളില്‍ ഭിക്ഷയ്ക്കായി കയറി.കലം നീട്ടി. എന്നാല്‍ പതിവിനു വിപരീതമയി സ്ത്രീകള്‍ പുറത്തിറങ്ങിയില്ല. ജീവിതതില്‍ ആദ്യം ഉപദേശിക്കൊന്നും കിട്ടിയില്ല. ആരോടും ഒരു പരിഭവവും പറയാതെ ഉപദേശി എങ്ങോട്ടൊ മറഞ്ഞു. ഒരിക്കലും മടങ്ങിവരാതെ.


എന്നാലും അന്നു മുതല്‍ ഞങ്ങളുടെ നാട്ടിലെ സ്ത്രീകള്‍ കണ്ട സ്വപ്നങ്ങളില്‍ ഒരു കലവും പിന്നെ ഒരു പൊതി ഡി ഡി റ്റിയും ഉണ്ടായിരുന്നു.എന്നാലും എനിക്ക്‌ എന്റെ പൊന്നുപ്ദേശീ - ഏതു സുവിശേഷത്തിലാണ്‌ ഈ മാര്‍ഗം രേഖപ്പ്പ്പെടുത്തിയിരിക്കുന്നത്‌ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ ഞാന്‍ ചോദിച്ചില്ല.

(സകല ചരചരങ്ങളുടെയും, ഭൂമിയുടെയും ഭൂമണ്‍ഡലത്തിന്റെയും സ്ര്ഷ്ടാവായ ദൈവത്തിന്‌ ഭൂമിയില്‍ മനുഷ്യ്ന്റെ എണ്ണം നിയന്ത്രിക്കാന്‍ ഇതല്ലാതെ മറ്റു മര്‍ഗമൊന്നുമില്ലേ?)

പിന്നീട്‌ കുറെ വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയത്തുനിന്നും തിരുവനന്തപുരത്തേയ്കുള്ള യത്രാമധ്യെ വഞ്ചിനാട്‌ എക്‌സ്‌പ്രസ്സില്‍ ഞാന്‍ സഞ്ചരിച്ചിരുന്ന കോച്ചില്‍ കൊല്ലം സ്‌റ്റേഷനില്‍ നിന്നും അതേ രൂപത്തില്‍ അതേ ഭാവത്തില്‍ കയ്യില്‍ ഒരു കലവും ഒരു ചാക്കുമയി ഒരാള്‍ കയറി. അതു ഞങ്ങളുടെ 'കലം ഉപദേശി' ആയിരുന്നു.

അവറാന്‍ കുട്ടിയുടെ കോട്ടയം

അവറാന്‍ കുട്ടി കോട്ടയംകാരനാണ്‌ എന്ന്‌ പറഞ്ഞിരുന്നല്ലോ. നിങ്ങള്‍ക്ക്‌ അറിയാവുന്നതുപോലെ കോട്ടയം എന്നത്‌ വളരെ ചെറിയ ഒരു പട്ടണം ആണ്‌. 'ഠാ'യോളം വട്ടത്തിലുള്ള ഈ പട്ടണത്തില്‍ അവറാന്‍ കുട്ടി കണ്ട കാഴ്ചകളാണ്‌ ഈ കുറിപ്പുകളില്‍. മലയാളത്തില്‍ എഴുതുക എന്നത്‌ വളരെ പരിചയമുള്ള ഒരു ഏര്‍പ്പാടല്ല. തെറ്റുകള്‍ സദയം ക്ഷമിക്കുമല്ലോ!