Saturday, September 22, 2007

ഈ പെണ്ണുങ്ങള്‍ എന്താ ഇങ്ങിനെ.....

ഈ പെണ്ണുങ്ങള്‍ എന്താ ഇങ്ങിനെ.....

കഴിഞ്ഞ ലക്കം 'വനിത' ദ്വൈവാരികയില്‍ ഒരു ലേഖനം ഉണ്ടായിരുന്നു...."ഈ ആണുങ്ങള്‍ എന്താ ഇങ്ങിനെ..." എന്നോ മറ്റോ ആയിരുന്നു അതിന്റെ തലക്കെട്ട്‌. ലേഖനം മറ്റൊന്നുമല്ലാ. കേരളത്തിലെ റോഡുകളില്‍ നമ്മുടെ സ്ത്രീകള്‍ വാഹനമോടിക്കുന്നത്‌ നമ്മള്‍ പുരുഷന്മാര്‍ക്ക്‌ സഹിക്കുന്നില്ലത്രെ.എന്തായാലും അവറാന്‍കുട്ടി അതിനോട്‌ പ്രതികരിക്കുന്നില്ല. ലേഖനം വായിച്ചിട്ട്‌ നിങ്ങള്‍ തന്നെ പ്രതികരിച്ചാല്‍ മതി.

ഇനി അവറാന്‍കുട്ടി കാര്യത്തിലേക്ക്‌ കടക്കാം. 2006 മെയ്‌ മാസം. പ്രവാസ ജീവിതത്തില്‍ നിന്നും ഒരു മാസത്തെ പരോളില്‍ നാട്ടിലെത്തിപ്പെട്ടിരിക്കുകയാണ്‌ അവറാന്‍കുട്ടി എന്ന സാധു മനുഷ്യന്‍.ഒരു വൈകുന്നേരം (തീയതി ഒാര്‍ക്കുന്നില്ല)അല്‍പസ്വല്‍പം ചില്ലറ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞ്‌ തന്റെ മാരുതിയില്‍ അവറാന്‍കുട്ടി മടങ്ങുകയാണ്‌ കോട്ടയത്തുനിന്നും മണര്‍കാട്ടേയ്ക്ക്‌. അവറാന്‍കുട്ടി ഒരു നിയമപാലകനാണ്‌(പോലീസല്ല കേട്ടോ!). അതുകൊണ്ടുതന്നെ ട്രാഫിക്‌ മര്യാദകള്‍ ഒക്കെ പാലിച്ചാണ്‌ ഡ്രൈവിംഗ്‌.

കഞ്ഞിക്കുഴി ജങ്ക്ഷന്‍ അടുക്കാറായി. അതാ ഇടതുവശത്ത്‌ "ബാവന്‍സ്‌ സ്റ്റുഡിയോ ആന്‍ഡ്‌ കളര്‍ ലാബ്‌"... പെട്ടെന്നാണ്‌ അതു സംഭവിച്ചത്‌. ബാവന്‍സിന്റെ മുന്‍പില്‍നിന്നും ഒരു കാര്‍.. ഇമ്മിണി വല്യ ഒരു കാര്‍ പെട്ടെന്ന് പുറകോട്ടു വരുന്നു.എന്തിനേറെ പറയുന്നു എല്ലാം പെട്ടെന്നു കഴിഞ്ഞു. ഒരു ഉരച്ചിലും കരച്ചിലും പിന്നെ എന്തൊക്കെയോ മറ്റു ശബ്ദങ്ങളും. അവറാന്‍കുട്ടി അറിയാതെ തന്നെ വണ്ടി താനെ നിന്നു. പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച!.....പാവം. തന്റെ പൊന്നോമന മാരുതിയുടെ ബാക്ക്‌ ബമ്പര്‍ അപ്പൂപ്പന്റെ... കൊഴിയാറായ ആടുന്ന പല്ലുപോലെ ഒരു വശത്തുനിന്നും തൂങ്ങിക്കിടക്കുന്നു. ബ്രേക്ക്‌ ലൈറ്റും പൊട്ടിയിട്ടുണ്ട്‌... കാശുപോയതുതന്നെ...

ഇനി ഇടിച്ചവനെ വെറുതെ വിടാന്‍ പാടില്ലല്ലോ. പക്ഷേ അവറാന്‍കുട്ടിയെ ഞെട്ടിച്ചുകൊണ്ട്‌ അതാ 'അവന്‍' വണ്ടി വിടുന്നു....ഒറ്റ ഒാട്ടത്തിന്‌ മുന്‍പില്‍ കയറിനിന്നു. സ്റ്റോപ്‌!!!!. അങ്ങിനെ അങ്ങുപോയാലോ...ആളുകള്‍ ചുറ്റും കൂടി. ചേട്ടന്‍മാരേ... ഇവന്‍ മുങ്ങാതെ ഒന്നു നോക്കണേ.

അവറാന്‍കുട്ടി ഓടി. ജങ്ക്ഷനിലെ ട്രാഫിക്‌ ഐലന്റിലേക്ക്‌. അതാ അവിടെ ട്രാഫിക്‌ മുദ്രകള്‍ കാട്ടി ഒരു പോലീസ്‌ ചേച്ചി. ഒരു വിധത്തില്‍ കാര്യം അവതരിപ്പിച്ചു. ചേച്ചി മറ്റൊരു മുദ്രകൊണ്ട്‌ അല്‍പം അകലെ മാറി നിന്നിരുന്ന മറ്റൊരു പോലീസ്‌ ചേട്ടനെ കാട്ടിത്തന്നു

........എന്താ. തനിക്കെന്തു പറ്റി.

.......എനിക്കൊന്നും പറ്റിയില്ല സാറേ. പറ്റിയത്‌ എന്റെ വണ്ടിക്കാണ്‌.

എമാന്‍ പെട്ടെന്നു വന്നു. അപ്പോഴും 'ഇടിച്ചവന്‍' വണ്ടിക്കുള്ളില്‍ തന്നെ. എമാന്‍ വിന്‍ഡൊ ഗ്ലാസ്സില്‍ തട്ടി വിളിച്ചു. " ഇങ്ങോട്ടിറങ്ങിയാട്ടെ...ഡോര്‍ സാവധാനം തുറന്നു. എല്ലാവരും നോക്കിനില്‍ക്കെ... ജീന്‍സിട്ട രണ്ടുകാലുകള്‍ വെളിയിലേക്ക്‌ നീണ്ടു. രവിവര്‍മ്മയുടെ മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കൊടി ഒന്നുമല്ല. ഒരു തനി മോഡേണ്‍ 'യുവ' തി. പിന്നെ ഒരു കാര്‍ഡ്‌ പോലീസുകാരന്റെ നേര്‍ക്ക്‌ നീട്ടി. കാര്‍ഡു വാങ്ങി നോക്കിയ ചേട്ടന്‍ ഒന്നു ഞെട്ടുന്നത്‌ ഞങ്ങളെല്ലാവരും കണ്ടതാണ്‌. ഒരു ചുവടു പുറകോട്ടുമാറി പിന്നെ ഒറ്റ സല്യൂട്ടാണ്‌... പിന്നെ ഇങ്ങിനെ മൊഴിഞ്ഞു... സോറി മാഡം... പൊയ്കൊള്ളൂ. ഇത്‌ ഞങ്ങള്‍ നോക്കിക്കൊള്ളാം.

സ്ത്രീകളോടിത്രയും ബഹുമാനമോ?... നിര്‍ന്നിമേഷനായി നോക്കിനുന്നുപോയ അവറാന്‍കുട്ടിയുടെ അടുത്തുവന്നിട്ട്‌ പോലീസുകാരന്‍ ഇങ്ങിനെ പറഞ്ഞു..."അത്‌ ശ്രീമാന്‍ ----- ഐ പി എസ്സിന്റെ ഭാര്യ ... ശ്രീമതി ---- ആണ്‌.പിന്നെ വയര്‍ലസ്സിലൂടെ ട്രാഫിക്‌ സ്റ്റേഷനിലേക്ക്‌ ഒരു മെസേജ്‌.

.....താന്‍ ഒരു കാര്യം ചെയ്യുക. ട്രാഫിക്‌ സ്റ്റേഷനില്‍ റിപ്പോര്‍ട്ട്‌ ചെയ്യൂ.

ഇനിയും നിന്നിട്ട്‌ കാര്യമില്ല. അവറാന്‍കുട്ടി വണ്ടി വിട്ടു.. എത്തിയപാടെ എസ്‌ ഐ പറഞ്ഞു. എസ്‌ പി വിളിച്ചിരുന്നു. തനിക്കു പരാതി ഒന്നും ഇല്ല എന്ന് എഴുതി വെച്ചിട്ട്‌ പൊയ്കൊള്ളു.കര്‍ത്താവേ... എതെന്തുന്യായം. എന്റെ വണ്ടിയില്‍ വന്നിടിച്ചിട്ട്‌ എനിക്ക്‌ പരാതിയൊന്നും ഇല്ല എന്നെഴുതിക്കൊടുക്കണമെന്നൊ.

..ഇനി നിങ്ങള്‍ പറയൂ. ഭര്‍ത്താവിന്റെ ഐ പി എസ്‌ വാലുകാട്ടി എന്നെ വിരട്ടിയ ആ സ്ത്രീയെ എന്തു വിളിക്കണം. ഈ സ്ത്രീകള്‍ എന്താ ഇങ്ങിനെ.... ഒരല്‍പം മര്യാദ, ഒരല്‍പം മാത്രം എന്തേ ഇവര്‍ക്കില്ലാതെപോയത്‌.

11 comments:

Haree said...

അവറാന്‍ കുട്ടിക്ക് ഭാഗ്യമുണ്ട്! ഏതായാലും പരാതിയൊന്നുമില്ലെന്ന് എഴുതിക്കൊടുക്കുവാനല്ലേ പറഞ്ഞുള്ളൂ, ഇടിച്ച കാര്‍ നന്നാക്കിയും കൊടുക്കേണ്ടിയിരുന്നെങ്കിലൊ!!!

ഓഫ്: അതുകൊള്ളാം, പോലീസേമാന്റെ ഭാര്യയേയും സല്യൂ‍ട്ട് ചെയ്യണോ!!! കഷ്ടം!

സത്യത്തില്‍ ഇങ്ങിനെയൊരു സാഹചര്യത്തില്‍ എന്താണ് നമുക്ക് ചെയ്യുവാന്‍ സാധിക്കുക? ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നെങ്കില്‍...
--

ബാജി ഓടംവേലി said...

അവറാന്‍ കുട്ടിക്ക് ഒരു മാസത്തെ അവധിയേ ഉണ്ടായിരുന്നുള്ളല്ലോ ഭാഗ്യം. അല്ലെങ്കില്‍ സ്‌ത്രീകളെ സലൂട്ട് ചെയ്യുന്നവരെ ഒത്തിരി കാണേണ്ടി വന്നേനേം. നിങ്ങള്‍ ഇത്ര അധികം കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടും ജീവനോടെ തിരിച്ചു പോന്നത് ആരാണ്ടെടെ ഭാഗ്യം.

നല്ല വിവരണം. കോട്ടയത്തു നിന്നും ഒത്തിരി പ്രതീക്ഷിക്കുന്നു.

myexperimentsandme said...

ഇങ്ങിനെയൊരു സാഹചര്യം വന്നാല്‍ അസ്ഥിക്ക് പിടിപ്പിക്കുക-അതേ നിവര്‍ത്തിയുള്ളൂ.

തനിക്ക് പരാതിയൊന്നുമില്ല എന്ന് എഴുതിവെക്കാന്‍ പറയുമ്പോള്‍, അല്ല എനിക്ക് പരാതിയുണ്ട്, ആ പരാതി എഴുതിത്തരാനാണ് ഞാന്‍ വന്നത് എന്ന് പറയുക (അതിനു പുറകെ വരുന്ന എല്ലാത്തിനെയും നേരിടാന്‍ തയ്യാറാവണം, അതിനുള്ള മനക്കട്ടി, തൊലിക്കട്ടി എല്ലാം വേണം-എളുപ്പമല്ല), പരാതി എഴുതിക്കൊടുക്കുക...

അങ്ങിനെ ഒരു പത്തുപേര്‍ ഒരു പ്രദേശത്ത് വിചാരിച്ചാല്‍ കുറച്ചൊക്കെ മാറ്റം വന്നേക്കാം, പിന്നെ പത്തുപേര്‍ വേറൊരു പ്രദേശത്തും.

നമ്മുടെ നാടല്ലേ. ശീലിച്ചതൊക്കെ മാറാന്‍ കുറച്ച് നാളെടുക്കും. അതുവരെ നമുക്ക് നല്ല ക്ഷമ, സഹനശക്തി ഇവയൊക്കെ വേണം. പക്ഷേ മാറിക്കഴിഞ്ഞാല്‍ പിന്നെ ഓക്കെ :)

ബ്ലോഗുള്ളതുകൊണ്ട് ഇത് ഇപ്പോള്‍ നാലുപേരറിഞ്ഞു. സംഭവം യഥാര്‍ത്ഥത്തില്‍ നടന്നതാണെങ്കില്‍ കഥാപാത്രങ്ങള്‍ ആരാണ് എന്ന് പേരുസഹിതം പറയാനുള്ള ഒരു സുരക്ഷിതത്വബോധവും നമുക്ക് ഉണ്ടാവുന്ന കാലം വരണം-വ്യക്തിഹത്യയാവാത്ത രീതിയില്‍.

മഴവില്ലും മയില്‍‌പീലിയും said...

എന്നാലും ആ പോലീസുകാരന്റെ ഭാര്യ എന്തു ഐഡന്റിറ്റികാറ്ഡ് ആയിരിക്കും കാണിച്ചതു?..സാരമില്ല...പരാതി ഉണ്ട് എന്നെഴുതികൊടുത്തിരുന്നേല്‍ ആ കേസ് പിന്നെ ഒതുക്കി തീറ്കാന്നല്കേണ്ടിവരുന്ന കൈക്കൂലി വേണ്ടി വരില്ല ആ കാര്‍ നന്നാക്കിയെടുക്കാന്..

സഹയാത്രികന്‍ said...

ദൈവത്തിന്റെ സ്വന്തം നാടേ....!

കുഞ്ഞന്‍ said...

പ്രദീപ് ചൂണ്ടിക്കാണിച്ചത് ഒന്നുകൂടി...വന്നു വന്ന് ഇപ്പോള്‍ ഭാര്യയാണെന്നു കാണിക്കുന്ന വിസിറ്റിങ്ങ് കാര്‍ഡൊക്കെ കൊണ്ടാണോ നാരി ജനം നടക്കുന്നത്? ശിവ ശിവ..!

കുറുമാന്‍ said...

മിലിട്ടറിയില്‍ മേജര്‍മാര്‍ക്കൊക്കെ വീട്ട് വേല ചെയ്യാനായി പട്ടാളക്കാരുണ്ട്. അവര്‍ക്ക് കൊച്ചമ്മമാരേം, പിള്ളാരേം ഒക്കെ സല്യൂട്ട് ചെയ്യേണ്ടതായും വരും. ഇപ്പോ പോലീസിലും അങ്ങനെ വല്ലതും ആയോ?

കുറുമാന്‍ said...

മിലിട്ടറിയില്‍ മേജര്‍മാര്‍ക്കൊക്കെ വീട്ട് വേല ചെയ്യാനായി പട്ടാളക്കാരുണ്ട്. അവര്‍ക്ക് കൊച്ചമ്മമാരേം, പിള്ളാരേം ഒക്കെ സല്യൂട്ട് ചെയ്യേണ്ടതായും വരും. ഇപ്പോ പോലീസിലും അങ്ങനെ വല്ലതും ആയോ?

അവറാന്‍ കുട്ടി said...

കമന്റുകള്‍ക്കു നന്ദി. ഞാന്‍ പരാമര്‍ശിച്ചിരിക്കുന്ന സ്ത്രീ കേരളാ പോലീസില്‍ ഇപ്പോള്‍ ഐ ജി ആയ ഒരു വ്യക്തിയുടെ ഭാര്യ ആണ്‌. എന്നാല്‍ അദ്ദേഹം അന്ന് സ്റ്റേറ്റ്‌ വെയര്‍ഹൗസിംഗ്‌ കോര്‍പ്പൊറേഷന്റെ എം ഡി ആയിരുന്നു. വെയെര്‍ഹൗസിംഗ്‌ കോര്‍പ്പോറഷന്റെ (എം ഡി യുടെ) കാര്‍ഡ്‌ ആണ്‌ കാട്ടിയത്‌.

അനില്‍ശ്രീ... said...

ഒരു കോട്ടയംകാരന്‍ പ്രവാസി എന്ന നിലയില്‍ ചോദിക്കട്ടെ... ഒരു “‘ക്ലൂ” കൂടി?...

ആ വ്യക്തിയുടെ പേരു പറയുന്നതില്‍ എന്താണ് തെറ്റ്?.. അല്ല.. നാട്ടില്‍ ചെല്ലുമ്പോള്‍ ആ കാറ് വരുന്നത് കണ്ടാല്‍ മാറി നില്‍ക്കാമല്ലോ എന്നോര്‍ത്താ...

ശ്രീ said...

കഷ്ടം തന്നെ...

പക്ഷേ, എന്തു ചെയ്യാനാകും?
[എന്നാലും പറഞ്ഞ പോലെ, എന്ത് ഐഡന്റിറ്റി കാര്‍‌ഡ് ആയിരിക്കും അവരാ പോലീസിനെ കാണിച്ചിരിക്കുക. ഐപീസ്സുകാരുടെ ഭാര്യമാര്‍‌ക്കുമുണ്ടോ തിരിച്ചറിയല്‍‌ കാര്‍‌ഡ്?]