Sunday, September 30, 2007

ചങ്ങനാശ്ശേരി-തിരുവല്ല വഴി ഹരിപ്പാട്‌ വരെ

ചങ്ങനാശ്ശേരി-തിരുവല്ല വഴി ഹരിപ്പാട്‌ വരെ.



ഇതെന്താ... കെ എസ്‌ ആര്‍ ടി സി ബസ്‌ റൂട്ടോ? അല്ല കേട്ടോ! അവറാന്‍കുട്ടി ആദ്യമായി സ്വയം വളയം പിടിച്ച റൂട്ടാണിത്‌.



ഡ്രൈവിംഗ്‌ ഒരു തൊഴിലാണ്‌, ഒരു വിനോദമാണ്‌, ഒരു കലയാണ്‌, അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു വിദ്യയാണ്‌. എന്നാല്‍ പലര്‍ക്കും ഇതൊരു കുഴപ്പം പിടിച്ച ഇടപാടാണ്‌. മറ്റുചിലര്‍ പേടികൊണ്ട്‌ ഒരിക്കലും ഈ പരിപാടിക്ക്‌ ശ്രമിക്കില്ല.



എട്ടു മണിക്കൂര്‍ പഠനം, ഒരു കിലോമീറ്റര്‍ എങ്ങോട്ടും തിരിക്കാതെ വടി വിഴുങ്ങിയതു പോലൊരു ഡ്രൈവിംഗ്‌, പിന്നെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക്‌ 500 രൂപ കാണിക്ക... ദാ പിടിച്ചോ... ലൈസന്‍സ്‌....ഇതു കോട്ടയത്തെ കഥയാണ്‌ കേട്ടോ!. മറ്റുസ്ഥലങ്ങളില്‍ എങ്ങിനെയാണെന്ന്‌ അവറാന്‍കുട്ടിക്ക്‌ അറിഞ്ഞുകൂടാ.. മേല്‍പറഞ്ഞതുപോലെ ഒരു ദിവസം അവറാന്‍കുട്ടിയും ഒരു വണ്ടിയും സ്വയം ഓടിക്കാനറിയാത്ത ഒരു ഡ്രൈവറായിത്തീര്‍ന്നു.



അവറാന്‍കുട്ടിക്ക്‌ ലൈസ്സന്‍സ്‌ കിട്ടി. ഓഫീസില്‍ അതൊരു വാര്‍ത്ത ആയിരുന്നു.



അവറാനേ..... ചെലവു ചെയ്യണം.



പിന്നെന്താ... ശമ്പളം കിട്ടട്ടെ.......



അന്നൊക്കെ ഞങ്ങള്‍ക്ക്‌ മാസത്തിലെ മൂന്നാമത്തെ പ്രവര്‍ത്തി ദിവസമാണ്‌ സാലറി കിട്ടുന്നത്‌. എല്ലാവര്‍ക്കും സന്തോഷപൂര്‍വം 'പരിപ്പുവടയും കട്ടന്‍ചായയും' വാങ്ങിക്കൊടുത്തു.



ഒരാഴ്ച്ച കഴിഞ്ഞു.



"അവറാന്‍കുട്ടി ഇനി ഒരു കാര്‍ വാങ്ങണം. ലോണ്‍ ഞാന്‍ ശരിയാക്കിത്തരാം" വഴിയില്‍വെച്ചുകണ്ട കെ എസ്‌ എഫ്‌ ഇ യുടെ മാനേജര്‍ വെറുതെ പ്രോല്‍സാഹിപ്പിച്ചു.'ദൈവമേ! എനിക്ക്‌ ലൈസ്സന്‍സ്‌ കിട്ടിയ വിവരം 'രാഷ്ട്രദീപികയിലോ 'മറ്റോ വന്നോ? അവറാന്‍കുട്ടി നെടുവീര്‍പ്പിട്ടു. ഇനി അറിയാത്തവരായി ഈ കോട്ടയത്ത്‌ ആരും തന്നെ ഉണ്ടെന്നുതോന്നുന്നില്ല!.



പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 'റോസ്‌ലിനും, സുഭാഷും ജാമ്യം നിന്നു. എതാനും ദിവസങ്ങള്‍ക്കകം പുതുപുത്തന്‍ 'മാരുതി' ഒരെണ്ണം അവറാന്‍കുട്ടിയുടെ മുറ്റത്തു വന്നുനിന്നു.



ഇത്ര പെട്ടെന്ന് കാര്‍ വാങ്ങാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്‌. മറ്റൊന്നുമല്ല. ലേശം പുരനിറഞ്ഞുവോ എന്നൊരു സംശയം. അപ്പോഴാണ്‌ റോസ്‌ലിന്‍ ഐഡിയ തന്നത്‌. "അവറാന്‍കുട്ടി കാഴ്ചയില്‍ സുമുഖനാണ്‌, ആറടി ഉയരം, നല്ല വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി, പേരെടുത്ത തറവാട്‌, ഇനി ഒരു കാര്‍ കൂടി വീട്ടുമുറ്റത്തില്ലെങ്കില്‍ നല്ല 'ആലോചനകള്‍ വരുമ്പോള്‍ അതൊരുകുറവായി 'പെണ്‍വീട്ടുകാര്‍ക്ക്‌ തോന്നിയേക്കാം"



ഹാ.. എന്റെ പൊന്നു റോസീ... നിനക്കു നൂറു നന്ദി.... (പെണ്ണുങ്ങളുടെയും, പെണ്‍വീട്ടുകാരുടെയും മനസ്സ്‌ അവറാന്‍കുട്ടി എങ്ങിനെ അറിയാനാണ്‌... അത്‌ റോസ്‌ലിനെപോലുള്ള പെണ്ണുങ്ങള്‍ക്കല്ലേ അറിയൂ)



ഭാഗ്യദേവത കടാക്ഷിക്കുന്നത്‌ ഓര്‍ക്കാപ്പുറത്തായിരിക്കും.. കാര്‍ വാങ്ങിയതോടെ ആലോചനകള്‍ മുറുകി. ഒടുവില്‍ മംഗല്യഭാഗ്യം അവറാന്‍കുട്ടിയെ തേടിയെത്തി. അങ്ങിനെ ചിങ്ങവനംകാരി സ്മിത അവറാന്‍കുട്ടിയുടെ 'നല്ല പകുതി' ആയി.



പിറ്റേ ഞായറാഴ്ച്ച... ആദ്യകുര്‍ബാനയ്ക്കായി പോകാന്‍ മിസ്സിസ്‌ & മിസ്റ്റര്‍ അവറാന്‍കുട്ടി റെഡി. കൂടെ അപ്പച്ചനും അമ്മച്ചിയും.വീടുപൂട്ടി മുറ്റത്തേയ്ക്കിറങ്ങുമ്പോള്‍ ഭാര്യയുടെ കിളിനാദം.... .



......."അച്ചായാ... നമ്മുക്ക്‌ കാറില്‍ പോകാം".



..." ഓ വേണ്ട മോളേ... രാവിലെ നടക്കുന്നതാണ്‌ സുഖം"



......"ഒന്നു പോടാ... വെറുതെ പുളുവടിക്കാതെ....എത്ര നാളായി ഇവന്റെ കാറിലൊന്നുകേറി പള്ളിയില്‍ പോകണമെന്നു വിചാരിക്കുന്നു. എന്റെ കൊച്ചേ... ഇവന്‌ വണ്ടി ഓടിക്കാനൊന്നും അറിയില്ല. മുറ്റത്തൂടെ ഉരുട്ടും. അത്രെയുള്ളൂ. റോഡില്‍ ഓടിക്കാന്‍ അറിഞ്ഞുകൂടാ" അമ്മച്ചി വെടിപൊട്ടിച്ചു.



"ഒന്നുപോടീ.. രാവിലെ തന്നെ അവനെ ദേഷ്യം പിടിപ്പിക്കാതെ" നീ വാ നമുക്ക്‌ നടക്കാം. അപ്പച്ചന്‍ അമ്മച്ചിയെ നോക്കി ചിരിച്ചു.



"എന്റെ പൊന്നമ്മച്ചീ... എന്നോടിതുവേണമായിരുന്നോ!



"മോളേ... അമ്മ വെറുതെ പറഞ്ഞതാ. ഏനിക്കു ലൈസ്സന്‍സ്‌ ഒക്കെ ഉണ്ട്‌. കൈ തെളിയാത്തതുകൊണ്ട്‌ റോഡില്‍ ഓടിക്കുന്നില്ല എന്നേയുള്ളു.. അവറാന്‍കുട്ടി കുറ്റസ്സമ്മതം നടത്തി....



ഓ സാരമില്ലന്നേ...അച്ചായാ.. അതൊക്കെ പിന്നെ പഠിക്കാം.. (ഇനി എന്തൊക്കെ പഠിപ്പിക്കാനിരിക്കുന്ന്നു എന്നാണോ അവള്‍ മനസ്സില്‍ പറഞ്ഞത്‌)



പക്ഷേ പെണ്ണ്‌ പണി പറ്റിച്ചു. പള്ളിയില്‍നിന്നുവന്നയുടനെ അവള്‍ വീട്ടില്‍ വിളിച്ച്‌ മൂത്ത അളിയനോട്‌ കാര്യം പറഞ്ഞു. സാരമില്ലന്നേ.. നീ വിഷമിക്കാതെ. അളിയന്‍ പെങ്ങളെ ആശ്വസിപ്പിച്ചു. ഞാന്‍ ഉച്ചകഴിഞ്ഞ്‌ അവിടെ വരാം. എന്നിട്ട്‌ നമുക്ക്‌ കാറില്‍ ഹരിപ്പാട്ടിനുപോകാം (അവിടെയാണ്‌ സ്മിതയുടെ അമ്മവീട്‌). ഹരിപ്പാട്‌ പോയി തിരിച്ചുവരുമ്പോഴേയ്കും അവറാന്‍കുട്ടിയളിയന്റെ കൈ തെളിയും....



പറഞ്ഞതുപോലെ ഉച്ചകഴിഞ്ഞ്‌ അളിയന്‍ വന്നു. കൂടെ ഇളയ സഹോദരി ആ 'വായാടി'യും. (അവറാന്‍കുട്ടി സ്നേഹപൂര്‍വം 'വായാടി' എന്നണ്‌ ഇവളെ വിളിക്കുന്നത്‌)യാത്ര പുറപ്പെടുകയാണ്‌. വളയത്തിനുപിന്നില്‍ അവറാന്‍കുട്ടി, കൂടെ ആശാനായി അളിയന്‍, പിറകില്‍ ഭാര്യയും അനിയത്തിക്കുട്ടിയും.



"സ്റ്റാര്‍ട്ട്‌....ഇനി ക്ലച്ച്‌ ചവിട്ടി ഫസ്റ്റ്‌ ഗിയറില്‍ ഇട്‌. മെല്ലെ ക്ലച്ച്‌ അയച്ച്‌... പതിയെ ആക്സിലറേറ്റര്‍ കൊട്‌. ആശാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയയായി.

കാര്‍ നീങ്ങിത്തുടങ്ങി.. മുന്നോട്ട്‌.പെട്ടെന്നാണത്‌ സംഭവിച്ചത്‌... റോഡരികിലെ വേലിക്കുമുകളിലൂടെ... മിന്നായം പോലെ... ഒരു പിടക്കോഴി.. അന്‍ജു ബോബി ജോര്‍ജ്‌ ലോഗ്‌ ജമ്പ്‌ ചാടുന്നതുപോലെ കാറിനു കുറുകെ ഒരു നിലവിളിയോടെ പറന്നുപോയി... തൊട്ടുപിന്നിലായി അയലത്തെ പിള്ളേച്ചന്റെ ആ കറമ്പന്‍ പട്ടിയും. പട്ടിയുടെ ലാന്‍ഡിംഗ്‌ അല്‍പം പിഴച്ചുവോ എന്നൊരു സംശയം



... അളിയാ ബ്രേക്ക്‌.....(അതെവിടെയാണ്‌ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ വെപ്രാളംകൊണ്ട്‌ ചോദിക്കാന്‍ മറന്നു)

നേര്‍ക്കുനേരെയുള്ള ഇടിയായതിനാലാവാം അല്ലെങ്കില്‍ തെറ്റു തന്റേതെന്ന തിരിച്ചറിവുകൊണ്ടാകാം പട്ടിയൊന്നുംതന്നെ മിണ്ടാതെ റോഡില്‍ മലച്ചു കിടന്നു


... "പാവം അത്താഴത്തിനു അരിയിടേണ്ടായെന്നു പറഞ്ഞിട്ടായിരിക്കും പട്ടി വീട്ടില്‍നിന്നും പോന്നത്‌" പിറകില്‍ അനുജത്തിയുടെ ആത്മഗതം.



പിള്ളേച്ചന്‍ കണ്ടുവോ ആവോ? കണ്ടുകാണാന്‍ വഴിയില്ല. കണ്ടിരുന്നെങ്കില്‍ യാത്ര എപ്പോഴെ മുടങ്ങിയേനെ......



"ഇനി ഏതായാലും കോട്ടയം വഴി പോകേണ്ട... നേരെ ചിങ്ങവനം ചങ്ങനാശ്ശേരി വഴി പോകാം" ഭാര്യയ്ക്‌ എന്തോ അല്‍പം ധൈര്യക്കുറവുപോലെ....



..... അളിയന്‍ ധൈര്യമായിരിക്ക്‌. ഞാനില്ലേ ഇവിടെ എന്ന മട്ടില്‍ ആശാന്‍ ഒന്ന് നോക്കി..

ചാപ്റ്റര്‍ - 2.



എം സി റോഡിലൂടെ 'മയില്‍വാഹനം' പതിയെ നീങ്ങിക്കൊണ്ടിരുന്നു. ചങ്ങനശ്ശേരി അടുക്കാറായി.



"കവലയില്‍ ഒരു ട്രാഫിക്‌ ഐലന്‍ഡുണ്ട്‌. അല്‍പം സൂക്ഷിച്ചുപോണം" അളിയന്‍ നിര്‍ദ്ദേശിച്ചു.....



"അല്ലാ റോഡ്‌ ക്ലിയറാണല്ലോ?... എന്നാല്‍ പെട്ടെന്നാണ്‌ വഴിയരികില്‍ നിന്നിരുന്ന ട്രാഫിക്‌ എസ്‌ ഐ കൈ നീട്ടി 'സ്റ്റോപ്‌' കാട്ടിയത്‌



..."എന്താ സാര്‍".. അവറാന്‍കുട്ടി തല വെളിയിലേക്ക്‌ നീട്ടി..

...."എവിടെ തന്റെ നമ്പര്‍ പ്ലേറ്റ്‌?.

......" അത്‌ മുന്‍പില്‍ കാണും സാര്‍!!"

....." ഇല്ലല്ലോ?.

....."ഇല്ലേ? പിന്നതെവിടെപ്പോയി? അവറാന്‍കുട്ടി എസ്‌ ഐയോട്‌ അറിയാതെ ചോദിച്ചുപോയി......"

"ആഹ്‌...ഹാ... എന്നോടാണോ.... ആ താനെന്താ കള്ളവണ്ടിയില്‍ ചാരായം കടത്തുവാണോ?... ഏമാന്‌ ദേഷ്യം.അപ്പോഴാണ്‌ അനിയത്തി പറഞ്ഞത്‌.



....." നമ്പര്‍ പ്ലേറ്റ്‌ പട്ടിയുടെ മുഖത്ത്‌ കാണും"

......"മിണ്ടാതിരിയെടീ അവിടെ..... അളിയന്‍ പെങ്ങളെ ശാസിച്ചു.



ഹും....ശരി... വണ്ടി വിട്ടോ...... എമാന്‌ കാരുണ്യം.



അവറാന്‍കുട്ടി ആക്സിലറേറ്ററില്‍ ചവിട്ടി.. പക്ഷേ വണ്ടി നീങ്ങാന്‍ കൂട്ടാക്കുന്നില്ല....."അളിയാ എഞ്ചിന്‍ ഓഫ്‌ ആണ്‌. ആശാന്റെ കണ്ടെത്തല്‍....വീണ്ടും സ്റ്റാര്‍ട്ട്‌, ഗിയര്‍, ക്ലച്ച്‌.... ഇല്ല ശരിയാവുന്നില്ല. അവറാന്‍കുട്ടി പിന്നെയും പിന്നെയും പരിശ്രമിച്ചു. (സായിപ്പിനെ കണ്ടപ്പോള്‍ കവാത്തുമറന്നു എന്നു പറയുന്നതുപോലെ ... തൊട്ടടുത്ത്‌ എസ്‌ ഐ നില്‍ക്കുമ്പോള്‍ എങ്ങിനെ വണ്ടി നീങ്ങും)



പിന്നില്‍ നിന്നും മറ്റുവാഹനങ്ങള്‍ ഹോണടിച്ചുതുടങ്ങി. കവലയില്‍ ട്രാഫിക്‌ ജാം.അപ്പോഴാണ്‌ എമാന്‌ കാര്യം പിടികിട്ടിയത്‌. "

ങ്‌..ഹാ... എം സി റോഡിലാണോടാ ഡ്രൈവിംഗ്‌ പഠിക്കുന്നത്‌. എടുത്തുകൊണ്ടു പോടാ. നിന്റെ .......

.......ബാക്കിയൊന്നും അവറാന്‍കുട്ടി കേട്ടില്ല. കാറിന്‌ പോലീസുകാര്‍ പറയുന്ന ഡിക്ഷനറിയിലില്ലാത്ത ചില പര്യായങ്ങളാണ്‌ എന്ന് പിന്നീട്‌ അളിയന്‍ പറഞ്ഞുതന്നു.



സെക്കന്റുകള്‍ക്കുള്ളില്‍ അളിയന്‍ ഡ്രൈവറായി. കാര്‍ ചങ്ങനശ്ശേരി കടന്നുകിട്ടി.



..."ഇനി തിരുവല്ലാ കഴിഞ്ഞിട്ട്‌ അച്ചായന്‍ ഓടിച്ചാല്‍ മതി".. ഭാര്യ വീണ്ടും നിരുത്സാഹപ്പെടുത്തി.



അവറാന്‍കുട്ടി തിരിഞ്ഞുനോക്കി... പാവം അനിയത്തി.. അപ്പോഴും ചെവിപൊത്തി ഇരിപ്പ്പാണ്‌. ജീവിതത്തില്‍ ആദ്യമായി പോലീസിന്റെ ഔദ്യോഗിക സംസാര ഭാഷ കേട്ടതിന്റെ ആഘാതത്തിലാണ്‌ അവളപ്പോഴും.



തിരുവല്ലാ-മാവേലിക്കര റോഡിലെത്തി. അളിയന്‍ വീണ്ടും വളയം അവറാന്‍കുട്ടിക്ക്‌ കൈമാറി.



..."അധികം തിരക്കില്ലാത്ത റോഡാണ്‌"....ധൈര്യമായി വിട്ടോ.."



പൊടിയാടി ജംഗ്ഷന്‍ കഴിഞ്ഞു. ഇനി തലവടി എത്തിയാല്‍ എടത്വാ വഴി ഹരിപ്പാടിന്‌ പോകാം"

അളിയന്‍ പറഞ്ഞു.



"അതെന്താ മാവേലിക്കര വഴി പോയാല്‍?" അവറാന്‍കുട്ടി ചോദിച്ചു.



തലവടി അടുക്കാറായി. അതാ വളവില്‍ ഒരു പാലം. പെട്ടെന്നാണ്‌ എതിരെ ഒരു ബസ്‌ വരുന്നത്‌ കണ്ടത്‌. റോഡ്‌ സൈഡില്‍ പാലത്തിനോട്‌ ചേര്‍ന്ന് അവറാന്‍ കാര്‍ നിര്‍ത്തി. ബസ്‌ കടന്നുപോയി.



..."വലത്തോട്ട്‌ മുഴുവന്‍ ഒടിച്ചിട്ട്‌ മുന്നോട്ടെടുക്ക്‌." ആശാന്‍ കല്‍പിച്ചു.

കാര്‍ പാലത്തിലൂടെ മുന്നോട്ടുനീങ്ങി.



കര്‍ത്താവേ!..... അളിയന്‍ നിലവിളിച്ചു. ..."തിരിച്ചൊടിച്ച്‌ നേരെയാക്കെന്റെ.....

അവറാന്‌ ഒന്നും മനസ്സിലായില്ല. കാറിനുള്ളില്‍ കൂട്ടനിലവിളി. നിമിഷങ്ങള്‍ക്കകം അളിയന്‍ കാലുയര്‍ത്തി അവറാന്‍കുട്ടിയുടെ കാലിനുമുകളിലൂടെ ചവിട്ടി ബ്രേക്കിട്ടു. സ്റ്റിയറിങ്ങും അളിയന്റെ കൈയില്‍. റോഡില്‍ ടയറുരയുന്ന സീല്‍ക്കാരം. പാലത്തിന്റെ മദ്ധ്യഭാഗത്തായി വലതുവശം ചേര്‍ന്ന് കാര്‍ നിന്നു. ഒന്നു കണ്ണുചിമ്മി അവറാന്‍ മുന്നോട്ടുനോക്കി. തൊട്ടുമുന്നില്‍ മുട്ടി-മുട്ടിയില്ലാ എന്ന മട്ടില്‍ ഒരു സ്കൂട്ടര്‍. അതിലൊരു പള്ളീലച്ചനും. അച്ചന്‍ കുരിശ്ശുവരച്ചു. കഴുത്തില്‍ കിടന്ന കുരിശ്ശുമാല ചുംബിച്ചു. (സ്വര്‍ഗ്ഗസ്‌ഥനായ പിതാവേ..... തുടങ്ങി അന്ത്യകൂദാശ ക്രമം വരെ ഒറ്റ ശ്വാസത്തില്‍ അച്ചന്‍ ചൊല്ലിക്കാണുമെന്നാണ്‌ എന്റെ 'വായാടി'പെണ്ണ്‌ പിന്നീട്‌ പറഞ്ഞത്‌)



ആളുകള്‍ ഓടിക്കൂടി..... എന്താടാ... കണ്ണും മൂക്കുമൊന്നുമില്ലേ. അച്ചനിപ്പം വെള്ളാത്തില്‍ വീണേനെ. എവന്‍ വെള്ളമടിച്ചിട്ടുണ്ടായിരിക്കും - മറ്റൊരുത്തന്റെ കമന്റ്‌.



അളിയനിറങ്ങി.. അച്ചനോടെന്തൊക്കെയോ പറഞ്ഞു. അച്ചന്‍ ഒന്നും മിണ്ടിയില്ല.. സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി പതിയെ മുന്നോട്ടുനീങ്ങി.



അവറാന്‍കുട്ടി ഡോര്‍ തുറന്നു പുറത്തിറങ്ങി. അളിയന്‍ ഡ്രൈവറായി. ഹരിപ്പാടെത്തുന്നതുവരെ ആരും ഒന്നും മിണ്ടിയില്ല.അമ്മവീട്ടിലെത്തി.. വല്യമ്മച്ചിയെ കണ്ടു. അവറാന്‍കുട്ടിക്ക്‌ ഒരു ഉത്സാഹവും തോന്നിയില്ല. അധികം വൈകാതെ തിരിച്ച്‌ കോട്ടയത്തേക്ക്‌.



"ഇനി അച്ചായന്‍ ഓടിക്കേണ്ട". ഭാര്യ തീര്‍ത്തുപറഞ്ഞു.



"കൈ തെളിഞ്ഞില്ലെങ്കിലും കുഴപ്പമില്ല അല്ലെങ്കില്‍ നാട്ടുകാരുടെ കൈക്ക്‌ പണിയാകും" അനിയത്തിക്കുട്ടി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടു മുന്‍സീറ്റിലേക്ക്‌ കയറി ഇരുന്നു.

അളിയന്‍ വണ്ടി വിട്ടു.



ഗോദയില്‍ തോറ്റ ഫയല്‍മാന്‍ എന്നപോലെ വിഷാദഭാവത്തോടെ ഭാര്യയുടെ ചുമലിലേക്ക്‌ തലചായ്ച്ച്‌ അവറാന്‍കുട്ടി മയങ്ങി - ഇനി കോട്ടയത്തെത്താതെ വിളിക്കരുതെന്ന മുന്നറിയിപ്പോടെ.

3 comments:

ബാജി ഓടംവേലി said...

കോട്ടയം കഥകള്‍ ചങ്ങനാശ്ശേരി വഴി തിരുവല്ലാ വഴി ഹരിപ്പാടിനു പോയാലും കോട്ടയം കഥകള്‍ത്തന്നെ.
തുടരുക

Anonymous said...

Kollamm ... iniyuummm nannakkaamm

Ramesh

Anonymous said...

ഞാന്‍ ഒരു തിരുവല്ലക്കാരനാണേ............